63 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു
രാജ്യത്ത് നിലവിൽ 9,40,705 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം കണാക്കുമ്പോൾ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്.
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,821 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 63,12,585 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,181 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, രാജ്യത്ത് ആകെ കൊവിഡ് മരണം 98,678 ആയി ഉയർന്നു. 85,376 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. നിലവിൽ 9,40,705 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 18, 317 കേസുകളും 481 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. പ്രതിദിന വർധന സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85, 000 ത്തിലധികമാണ്. കർണാടക 8856, ആന്ധ്ര 6133, തമിഴ്നാട് 5659, ദില്ലിയിൽ 3390 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം കണാക്കുമ്പോൾ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്