പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലെത്താന്‍ വെറും 22 ദിവസം; രാജ്യത്ത് ശരവേഗം പാഞ്ഞ് കൊവിഡ് കണക്ക്
അതില്‍ അഞ്ച് ലക്ഷം പേരും രോഗ ബാധിതരായത് കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളിലാണ്. കഴിഞ്ഞ മുപ്പതോടെ പ്രതിദിന വര്‍ധന അര ലക്ഷത്തിന് മുകളിലായി.
ദില്ലി: ഇരുപത്തി രണ്ട് ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്കെത്തിയത്. അതില്‍ അഞ്ച് ലക്ഷം പേരും രോഗ ബാധിതരായത് കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളിലാണ്. കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക തുടരുമെന്നതിന്‍റെ സൂചനയാണ്.
ജനുവരി 30ന് ആദ്യ കൊവിഡ് രോഗം സ്ഥിരീകരിച്ച് ആറുമാസത്തിനിപ്പുറം രാജ്യത്തെ കൊവിഡ് വ്യാപനത്തിലുണ്ടായത് വന്‍ വര്‍ധന. ആദ്യ രണ്ടു മാസം രോഗികളുടെ എണ്ണം 2000ത്തില്‍ താഴെ മാത്രം. ഏപ്രില്‍ അവസാനത്തോടെ 35,000 കടന്നു രോഗ ബാധിതര്‍. ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും ദില്ലിയില്‍ നിന്നും ഓരോ ദിവസവും വന്നത് ആശങ്കയുടെ കണക്കുകള്‍. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞു.
ജൂണില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ കൂടി വന്നതോടെ രോഗ വ്യാപനം പിന്നെയും കൂടി. ജൂണ്‍ ആദ്യം രണ്ടു ലക്ഷത്തിലേക്കും ജൂലൈ ആദ്യം ആറു ലക്ഷത്തിലേക്കും രോഗികളുടെ എണ്ണമെത്തി. മുംബൈയിലും ദില്ലിയിലും പരിശോധനയും പ്രതിരോധവും ഊര്‍ജ്ജിതമാക്കിയത് ഫലം കണ്ടു. ഇവിടെ രോഗികള്‍ കുറഞ്ഞെങ്കിലും മഹാരാഷ്ട്രയിലെ പൂനെയിലും ആന്ധ്രയിലും കര്‍ണാടകയിലും ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും രോഗികളുടെ എണ്ണമുയര്‍ന്നു. കഴിഞ്ഞ മുപ്പതോടെ പ്രതിദിന വര്‍ധന അര ലക്ഷത്തിന് മുകളിലായി.
പിന്നീടുള്ള ഒന്‍പത് ദിവസവും ഈ നില തുടര്‍ന്നു. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണമുയരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം ഉയരുമ്പോഴും 68 ശതമാനം രോഗ പേര്‍ രോഗം ഭേദമാകുന്ന നിലയിലേക്കെത്താന്‍ രാജ്യത്തിനായി. പ്രതിദിന സാംപിള്‍ പരിശോധന ആറുലക്ഷം കടന്നു. അത് 10 ലക്ഷത്തിലേക്കെത്തിക്കാനാണ് ഐസിഎംആര്‍ ലക്ഷ്യമിടുന്നത്.
രാജ്യത്ത് കൊവിഡ് ശമനമില്ല, വ്യാപനം അതിതീവ്രം; രോഗ ബാധിതര്‍ 20 ലക്ഷം കടന്നു