സൗഹൃദം ശക്തമാക്കാൻ ഇന്ത്യയും ചൈനയും: സമാധാന അന്തരീക്ഷം നിലനിർത്താൻ ചർച്ചയിൽ ധാരണ
ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ ചർച്ചയിൽ അതിർത്തിയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ധാരണയായി
ദില്ലി: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ ചർച്ചയിൽ അതിർത്തിയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ധാരണയായി. അതിർത്തി തർക്കം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കാതിരിക്കാൻ ശ്രമം തുടരും. സേന പിൻമാറ്റത്തിനും പട്രോളിംഗിനുമുള്ള ധാരണ ഉടൻ നടപ്പാക്കും. കൈലാസ് മാനസ സരോവർ യാത്ര പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുംതമ്മിലാണ് ചർച്ച നടത്തിയത്. ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ ചർച്ച നടത്തുന്നത്. കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും നടത്തിയ കൂടികാഴ്ചയിലെ തീരുമാന പ്രകാരമാണ് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ ഇന്ന് ബീജിംഗിൽ ഒരുമിച്ചിരുന്ന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ച നടത്തിയത്.