കോൺഗ്രസ് ആം ആദ്മി മത്സരം പരസ്പരം പാരയായി,സാഹചര്യം ബിജെപിക്ക് അനുകൂലമായി, ഇന്ത്യ സഖ്യകക്ഷിൾക്കിടയിൽ അതൃപ്തി
തുടർ യോഗം വിളിക്കുന്നതിൽ അവ്യക്തത.യോഗത്തിന് താൽപര്യപ്പെടാത്ത കോൺഗ്രസ് നിലപാടിൽ കക്ഷികൾക്ക് കടുത്ത അതൃപ്തി
![INDIA alliance parties unhappy with the defeat in delhi INDIA alliance parties unhappy with the defeat in delhi](https://static-gi.asianetnews.com/images/01jkb4g27hy9gxrdyn37j54hqg/delhi-election_363x203xt.jpg)
ദില്ലി: കോൺഗ്രസ് ആപ് മത്സരം പരസ്പരം പാരയായതിൽ ഇന്ത്യ സഖ്യം കക്ഷികൾക്കിടയിൽ അതൃപ്തി.എൻസിപി , നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി നേതാക്കൾ സംസാരിച്ചു.സാഹചര്യം ബി ജെ പി ക്ക് കൂടുതൽ സഹായമായെന്ന് നേതാക്കൾ വിലയിരുത്തി.തുടർ യോഗം വിളിക്കുന്നതിൽ അവ്യക്തതയുണ്ട്.യോഗത്തിന് താൽപര്യപ്പെടാത്ത കോൺഗ്രസ് നിലപാടിൽ കക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ തുടങ്ങിയ ആപ് കോണ്‍ഗ്രസ് പോര് ഇന്ത്യ സഖ്യത്തിനും വെല്ലുവിളിയാകും.
കെജരിവാളടക്കം 13 ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് ആക്കം കൂട്ടാന്‍ കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ക്ക് കഴിഞ്ഞു. ഒരിടത്തും ലീഡ് ചെയ്തില്ലെങ്കിലും ആപിന് കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളിയായി. ന്യൂദില്ലി മണ്ഡലത്തില‍് കെജരിവാള്‍ തോറ്റത് 4009 വോട്ടിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിത് അവിടെ പിടിച്ചത് 4568 വോട്ട്. ജംഗ് പുരയില്‍ മനീഷ് സിസോദിയ തോറ്റത് 675 വോട്ടിന്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയത് 7350 വോട്ട്. ഗ്രേറ്റര്‍ കൈലാഷ് ആപ് മന്ത്രി സൗരവ് ഭരദ്വാജ് 2131 വോട്ടുകള്‍ക്ക് തോറ്റപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 6711 വോട്ട്, മാളവ്യ നഗര്‍, രജീന്ദര്‍ നഗര്‍, മെഹറോളി തുടങ്ങി പതിമൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും ആപിന് കെണിയായി.
സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ ആപിന് ഇത്ര കനത്ത ആഘാതം ഉണ്ടാകില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആപിന് തിരിച്ചടി നല്‍കിയ കോണ്‍ഗ്രസിന് പക്ഷേ സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞത് പൂജ്യം സീറ്റാണ്. ഒരിടത്ത് പോലും ലീഡ് കിട്ടിയില്ല. സംസ്ഥാന അധ്യക്ഷന്‍ച്ച ദേവേന്ദ്ര യാദവ് മത്സരിച്ച് ബാദ്ലിയിലെങ്കിലും കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റു. അവിടെ ആപ് പിടിച്ച വോട്ടുകള്‍ കോണ്‍ഗ്രസിന് പാരയായി. അരവിന്ദ് കെജരിവാളിന്‍റെ തട്ടിപ്പ് ജനം തിരിച്ചറിഞ്ഞതാണ് തോല്‍വിക്ക് കാരണമെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു. തമ്മിലുള്ള മത്സരം ഇന്ത്യ സഖ്യത്തിലെ സഖ്യ കക്ഷികള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കിയാക്കിയിട്ടുണ്ട്.