75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം; നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് മോദി

പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

independence day PM Modi to address nation from Red Fort

ദില്ലി: 75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൌകര്യവികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കുമെന്നും മോദി പറഞ്ഞു. ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിൻ എത്തി. കൊവിൻ പോർടൽ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷൻ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാല്‍, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേട്ടങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തിൽ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങൾക്ക് 2 വർഷത്തിനുള്ളിൽ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഇപ്പോൾ ലഭിക്കുന്നു. ആശുപത്രികളിൽ ഓക്സിജൻ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണ്. വികസന യാത്രയിൽ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഗ്രാമങ്ങളെ വികസനത്തിന്‍റെ പാതയിലേക്ക് ഉയർത്തുകയാണ്. രാജ്യത്ത് ചെറുകിട കർഷകരാണ് അധികവും. ഈ കർഷകരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചെറുകിട കർഷകർക്കായി 1.5 ലക്ഷം കോടി രൂപയുടെ പദ്ധതി ഒരുക്കി. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം എത്തിക്കുമെന്നും കാർഷിക മേഖലയിലെ പരിഷ്കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios