UP Election 2022 : 'ഡിജിറ്റല്‍ പ്രചാരണം'; യുപിയില്‍ ബിജെപി ബഹുദൂരം മുന്നില്‍, ചലനമില്ലാതെ ബിഎസ്പി ക്യാംപ്
പല പാർട്ടികളും തങ്ങളുടെ ഐടി സെല്ലുകളെ ശക്തിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ മറ്റ് പാർട്ടികളെ അപേക്ഷിച്ച് ഡിജിറ്റൽ പ്രചാരണത്തില്‍ ബിജെപിയാണ് ഒന്നാമത്.
ഉത്തർപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ പരിപാടികള്‍ക്ക് ആവേശം കൂടിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവ് പ്രകാരം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11 വരെ ഒരു പാർട്ടിക്കും പൊതുയോഗം, പദയാത്ര, സൈക്കിൾ റാലി, ബൈക്ക് റാലി റോഡ് ഷോ എന്നിവ നടത്താനാവില്ല. ഇതോടെ രാഷ്ട്രീയ പ്രചാരണം ഡിജിറ്റലാക്കിയിരിക്കുകയാണ് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും.
നവമാധ്യമങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‌കിയാണ് ഇത്തവണ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്. വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തോടൊപ്പം ഇത്തവണ ഡിജിറ്റൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ശക്തമാക്കിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ഡിജിറ്റൽ ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പല പാർട്ടികളും തങ്ങളുടെ ഐടി സെല്ലുകളെ ശക്തിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ മറ്റ് പാർട്ടികളെ അപേക്ഷിച്ച് ഡിജിറ്റൽ പ്രചാരണത്തില്‍ ബിജെപിയാണ് ഒന്നാമത്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഡിജിറ്റൽ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രിതന്നെ പലയാവര്‍ത്തി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ബിജെപിയാവട്ടെ മോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ഡിജിറ്റൽ മീഡിയം വഴിയുള്ള പ്രചാരണം ശക്തമാക്കിയിരുന്നു. നവമാധ്യമ രംഗത്ത് വലിയ സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം യുപിയിലും ഗുണകരമായി ഉപയോഗിക്കാനൊരുങ്ങുകയാണ് ബിജെപി. വെർച്വൽ റാലികൾക്കായി ബിജെപി നിലവിൽ 3D സാങ്കേതികവിദ്യവരെ ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ട്. അതേസമയം സമാജ്‌വാദി പാർട്ടിയും കോൺഗ്രസും നവമാധ്യമ രംഗത്തെ പ്രചാരണത്തില്‍ ഏറെ പിന്നിലാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പാർട്ടികളുടെ തയ്യാറെടുപ്പുകൾ:
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഭാരതീയ ജനതാ പാർട്ടി ഒരുങ്ങിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും നേരിട്ട് ജനങ്ങളിലേക്കും എത്താനുള്ള ബൃഹത്ത് പദ്ധതിയാണ് ബിജെപി നടപ്പാക്കുന്നത്. ബൂത്ത് തലത്തിൽ പാർട്ടി ഇതിനകം തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ട്വിറ്റർ ഹാൻഡിലുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇത് നിലവിൽ വെർച്വൽ റാലികൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്നു. ബി.ജെ.പിക്കായി പ്രാദേശിക തലത്തിൽ പ്രചാരണത്തിന് വാർ റൂമുകളും ഒരുക്കിയിട്ടുണ്ട്. ഈ വാർ റൂം വഴി എല്ലാ ജില്ലകളിൽ നിന്നും ദിവസേനയുള്ള രാഷ്ട്രീയ സാഹഹചര്യം സംബന്ധിച്ചുള്ള നിരീക്ഷണം നടത്തുന്നു. നവമാധ്യമ ഇടപെടലുകള്‍ കൂടാതെ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളുമായി സംവദിച്ച് പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളെ മനസിലാക്കാനായി ബൂത്ത് തലത്തിലും പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വോട്ടർമാരിലേക്ക് എത്താൻ വെർച്വൽ റാലികൾ ആസൂത്രണം ചെയ്യുന്നുണ്ട്. എസ്പിയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ബൂത്ത് തലങ്ങളിൽ യോഗങ്ങൾ നടക്കുന്നുണ്ട്. ഇതേ ബൂത്തിൽ തന്നെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ ആളുകളെ ബന്ധിപ്പിച്ച് പാർട്ടിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനായി ഒരാളെ സജ്ജമാക്കിയിട്ടുമുണ്ട്. പല ജില്ലകളിലും സമാജ്‌വാദി പാർട്ടി പ്രവർത്തകർ വീടുതോറുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിലൂടെ പാർട്ടി ജനങ്ങളിലേക്ക് എത്തുകയാണ്.
വർധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് കോൺഗ്രസും പാർട്ടിയുടെ എല്ലാ തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വെർച്വൽ മാധ്യമത്തിലൂടെ ജനങ്ങൾക്കിടയിലേക്ക് എത്താനാണ് കോണ്‍ഗ്രസിന്‍റെയും തീരുമാനം. മറുവശത്ത്, പ്രധാന അസംബ്ലി മണ്ഡലങ്ങളിലേക്ക് അതിന്റെ എല്ലാ താരപ്രചാരകരെയും അയച്ച്, വാർത്താ സമ്മേളനങ്ങളും വീടുതോറുമുള്ള പ്രചാരണങ്ങളും നടത്താനുമാണ് കോണ്‍ഗ്രസ് തീരുമാനം. കോൺഗ്രസ് ജനറൽ സെക്രട്ടറി ജനങ്ങളുമായി സംവദിക്കുന്ന 'ലൈവ് വിത്ത് പ്രിയങ്ക' പരിപാടി പാർട്ടിയുടെ ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകളിലും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തത്സമയം പ്രചരിപ്പിക്കാനും വലിയ ക്യാമ്പയിന്‍ നടത്താനുമാണ് കോണ്‍ഗ്രസ് തീരുമാനം.
മറ്റ് പാർട്ടികളെ അപേക്ഷിച്ച് വെർച്വൽ, സോഷ്യൽ മീഡിയ പ്രചാരണങ്ങളില്‍ ബഹുജന്‍ പാര്‍ട്ടി ഏറെ പിന്നിലാണ്. മുതിർന്ന ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ഇപ്പോൾ തത്സമയ റാലികൾ നടത്താൻ ഫേസ്ബുക്ക് ഉപയോഗിക്കുന്നുമണ്ട്. എന്നാൽ, എതിരാളികൾ സ്വീകരിക്കുന്ന ഡിജിറ്റല്‍ തന്ത്രത്തിനൊപ്പം നില്‍ക്കാനുള്ള യാതൊരു പരിശ്രമവും ബഹുജന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുമില്ല. നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പാർട്ടി ഒരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഗ്രൗണ്ട് ലെവലിൽ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ല എന്നത് വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്.