ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് ഇടാന്‍ 169 പേരുകള്‍ പുറത്തിറക്കി
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് ഇടാനുള്ള 169 പേരുകളുടെ പുതിയ പട്ടിക കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി.
ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് ഇടാനുള്ള 169 പേരുകളുടെ പുതിയ പട്ടിക കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പുകള്‍ നല്‍കാനും പേരുകള്‍ നല്‍കാനും ആറു പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളും അഞ്ചു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ് ഉള്ളത്. പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 അംഗ രാജ്യങ്ങള്‍ക്ക് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, കടല്‍ക്ഷോഭം തുടങ്ങിയവയെ കുറിച്ച് വിദഗ്ദ്ധ ഉപദേശങ്ങള്‍ നല്‍കുന്നത് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പാണ്. പരമാവധി മണിക്കൂറില്‍ 62കിലോമീറ്ററോ അതിനു മുകളിലോ വേഗത വരുന്ന ഉത്തര ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്കായിരിക്കും പേരുകള്‍ നല്‍കുക.
ആരാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്?
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട പ്രാദേശിക വിദഗ്ദ്ധ കാലാവസ്ഥ കേന്ദ്രങ്ങളും ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളും ചേര്‍ന്നാണ് പേരു നല്‍കുന്നത്. ഉത്തര ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമ്പോള്‍ മാനദണ്ഡങ്ങളനുസരിച്ച് പേരിടുന്നത് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പാണ്. 2004 -ലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേരു നല്‍കാന്‍ തുടങ്ങിയത്. 2004 -ലെ ആദ്യത്തെ പട്ടികയില്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത് ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ എട്ടു രാജ്യങ്ങളിലെ കാലാവസ്ഥാ വകുപ്പുകള്‍ ആയിരുന്നു. ഇനിവരുന്ന ചുഴലിക്കാറ്റിന് 'ആംഫാന്‍' എന്നായിരിക്കും നാമകരണം ചെയ്യുക. ഇത് തായ്ലന്‍ഡ് നിര്‍ദ്ദേശിച്ചതാണ്. ഇത് 2004 ലെ പട്ടികയിലെ അവസാനത്തെ നാമമാണ്.
എന്തിനാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്?
എന്തിനാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്? പല കാര്യങ്ങളുണ്ട്, പേരിടലില്‍. ചുഴലിക്കാറ്റിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പേര് നല്ലതാണ്. അതിന്റെ പുരോഗതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഒരു പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഒരേ സമയം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൂടിക്കലരുന്നത് ഒഴിവാക്കുക, ഓരോ ചുഴലിക്കാറ്റുകളെയും എളുപ്പത്തില്‍ ഓര്‍ത്തെടുക്കുക, ആളുകള്‍ക്ക് എളുപ്പത്തില്‍ മുന്നറിയിപ്പ് നല്‍കുക എന്നിങ്ങനെ വേറെയുമുണ്ട് കാര്യങ്ങള്‍. ശാസ്ത്രലോകത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും മാധ്യമങ്ങളെയും സഹായിക്കാനും പേരിടുന്നത് ഉചിതമാണ്.
എങ്ങനെയാണ് പേരിടുന്നത്?
2018-ല്‍ നടന്ന 45-ാമത് ആഗോള കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെയും (WMO) ഐക്യരാഷ്ട്രസഭ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസിഫിക്കിന്റെയും (ESCAP) സമ്മേളനത്തില്‍ വച്ചാണ് മറ്റു അഞ്ച് രാജ്യങ്ങളെയും ഉള്‍പ്പെടുത്തി പേരുകളുടെ പുതിയ പട്ടിക തയ്യാറാക്കാന്‍ തീരുമാനമായത്. ഓരോ രാജ്യവും പതിമൂന്നു പേരുകള്‍ വീതം നല്‍കിയിട്ടുണ്ട്.
ഇന്ത്യ നല്‍കിയ പതിമൂന്നു പേരുകള്‍ ഇവയാണ്: ഗതി (വേഗത), തേജ് (വേഗത), മുറാസു (തമിഴ്‌നാട്ടിലെ ഒരു സംഗീതോപകരണം), ആഗ് (തീ), വ്യോമ് (അന്തരീക്ഷം), പ്രബാഹോ (പ്രവാഹം), നീര്‍ (വെള്ളം), പ്രഭാഞ്ജന്‍ (ചുഴലിക്കാറ്റ്), ഗുര്‍ണി (കറങ്ങുന്ന), അംബുദ് (മേഘം), ജലദി (സമുദ്രം), വേഗ (ക്ഷിപ്രത).