രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരിൽ കൂടുതലും കാണുന്നത് ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ
വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ലെന്ന് കൊവിഡ് സമിതി തലവൻ ഡോ.വി.കെ.പോൾ പറഞ്ഞു. വാക്സിൻ എടുത്തവരിൽ കൊവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരിൽ കൂടുതലും കാണുന്നത് വൈറസിന്റെ ഡെൽറ്റ വകഭേദം എന്ന് ഐസിഎംആർ പഠനം. രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെൽറ്റ വകഭേദമെന്നാണ് കണ്ടെത്തൽ.
വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ലെന്ന് കൊവിഡ് സമിതി തലവൻ ഡോ.വി.കെ.പോൾ പറഞ്ഞു. വാക്സിൻ എടുത്തവരിൽ കൊവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. 17 സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച 677 സാമ്പിളുകളിൽ ആണ് പഠനം നടത്തിയത്.
അതേസമയം, കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകൾക്കിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ നേരിയ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കൊവിഡ് വ്യാപനത്തിന്‍റെ സൂചിക വീണ്ടും ഉയർന്ന് ഒരു ശതമാനത്തിലെത്തി. നേരത്തെ ഇത് ഒരു ശതമാനത്തിന് താഴെയെത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona