പ്ലാസ്മ ചികിത്സ കൊവിഡ് ഭേദമാകാൻ സഹായിക്കില്ലെന്ന് ഐസിഎംആർ

രോഗം ഗുരുതരമാകുന്നത്  തടയാനോ മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് പഠനത്തിൽ വ്യക്തമായതായി ഐസിഎംആർ അറിയിച്ചു

ICMR says Plasma therapy not useful to fight covid

ദില്ലി: കൊവിഡ് ഭേദമാകാൻ  പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് തെളിഞ്ഞതായി ഇന്ത്യൻ  കൗൺസിൽ  ഓഫ് മെഡിക്കൽ റിസേർച്.  രാജ്യത്തെ 39 ആശുപത്രികളിലെ 1210  രോഗികളിൽ നടന്ന പഠനത്തിനു ശേഷമാണ് ഐസിഎംആർ വെളിപ്പെടുത്തൽ.  കേന്ദ്രഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലുമായി 25 നഗരങ്ങളിലെ ഗുരുതരാവസ്ഥയിലായ രോഗികളിൽ ആയിരുന്നു പരീക്ഷണം. 

രോഗം ഗുരുതരമാകുന്നത്  തടയാനോ മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് പഠനത്തിൽ വ്യക്തമായതായി ഐസിഎംആർ അറിയിച്ചു. കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ഇപ്പോൾ കോവിഡ് രോഗം മൂർച്ഛിച്ച രോഗികളിൽ പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഈ ചികിത്സ കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്ന ഐസിഎംആർ വെളിപ്പെടുത്തൽ. 

ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല നിർത്തിവെച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്. വാക്സിൻ കുത്തിവെച്ച ഒരാൾക്ക്  അജ്ഞാത രോഗം ബാധിച്ചതോടെയാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്.  

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനേക അറിയിച്ചു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗത്തെ കുറിച്ച് പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. വാർത്ത പുറത്തു വന്നതോടെ  അസ്ട്രസെനേകയുടെ ഓഹരികളിൽ ഇടിവ് ഉണ്ടായി. 

Latest Videos
Follow Us:
Download App:
  • android
  • ios