കോവാക്‌സിൻ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനത്തിനെതിരെ ഐസിഎംആർ; പരിശോധിക്കുമെന്ന് ബനാറസ് ഹിന്ദു സർവകലാശാല

പഠനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയും, പഠന റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ ഉദ്ദരിച്ചത് നീക്കണമെന്നാവശ്യപ്പെട്ടും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ക്ക് കത്തയച്ചിരുന്നു.

icmr rejects study on covaxin banaras hindu university reaction

ദില്ലി: കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനത്തിനെതിരെ ഐസിഎംആര്‍ രംഗത്തു വന്നതിന് പിന്നാലെ വിഷയം പരിശോധിക്കുമെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല. സര്‍വകലാശാല അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോ. ശങ്ക ശുഭ്ര ചക്രബര്‍ത്തിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. കോവാക്‌സിന്‍ സ്വീകരിച്ച 926 പേരില്‍ പകുതി പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു പഠനം. 

പഠനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയും, പഠന റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ ഉദ്ദരിച്ചത് നീക്കണമെന്നാവശ്യപ്പെട്ടും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ക്ക് കത്തയച്ചിരുന്നു. ഐസിഎംആര്‍ ഒരു തരത്തിലും ഈ പഠനവുമായി സഹകരിച്ചിട്ടില്ല. ഐസിഎംആറിനെ ഉദ്ധരിച്ചത് തെറ്റായിട്ടാണ്. പഠനം സംബന്ധിച്ച് അവ്യക്തതകള്‍ ഏറെ ഉണ്ടെന്നും വിവര ശേഖരണ രീതി പോലും ശരിയല്ലെന്നും രാജീവ് ബാല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് ആളുകള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. ഈ പഠനത്തില്‍ ഐസിഎംആറിനെ ഉദ്ധരിച്ചത് പാടേ തള്ളിക്കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ രംഗത്തെത്തിയത്. തട്ടിക്കൂട്ട് പഠനമാണിതെന്നാണ് ആരോപണം. 926 ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ആളുകളെ തെരഞ്ഞെടുത്തതില്‍ ഉള്‍പ്പെടെ പക്ഷപാതിത്വം ഉണ്ടാവാനുള്ള സാധ്യതയും രാജീവ് ബാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ പുറത്തിറക്കിയത്. വാക്‌സിനെടുത്തവരില്‍ പലര്‍ക്കും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ, ശ്വാസകോശരോഗം, ചര്‍മ രോഗം, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങിയ കണ്ടെത്തിയെന്നാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പഠനം പറയുന്നത്. അനുബന്ധ രോഗങ്ങള്‍ ഉള്ളവരിലാണ് പാര്‍ശ്വ ഫലങ്ങള്‍ കൂടുതല്‍ കണ്ടെത്തിയതെന്നും വിശദമായ പരിശോധന വേണമെന്നും പഠന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഡോ. ശങ്ക ശുഭ്ര ചക്രബര്‍ത്തിയുടെ നേതൃത്വത്തില്‍ 2022 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. ജര്‍മനിയിലെ സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. 

'പേര് ക്യാപ്റ്റൻ, എത്തിയത് സ്റ്റുഡന്റ് വിസയിൽ'; കേരളാ പൊലീസ് പിടികൂടിയത് ലഹരി മാഫിയ പ്രധാനിയെ  
 

Latest Videos
Follow Us:
Download App:
  • android
  • ios