'അണ്ണനാണ്, എന്നും എപ്പോഴും കൂടെയുണ്ടാകും'; പെണ്‍കുട്ടികൾക്ക് കത്തുമായി വിജയ്, 'പഠനത്തിൽ മാത്രം ശ്രദ്ധ വേണം'
ക്രിസ്മസ് തലേന്ന് അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ 19കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ്. 'തമിഴ്‌നാടിൻ്റെ സഹോദരിമാർക്ക്' എന്നെഴുതി ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ "സഹോദരനെ" പോലെ കൂടെയുണ്ടാകുമെന്നും "സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ" ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു.
കത്തിൽ തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതു സംബന്ധിച്ചും, ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ വിമർശിച്ചും പ്രസ്താവനകളുണ്ട്. "നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ (വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ) ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ല," എന്നും വിജയ് കത്തിൽ പറയുന്നുണ്ട്.
ക്രിസ്മസ് തലേന്ന് അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ 19കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴും ഡിഎംകെ സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി എഐഎഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ഇന്നലെ അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. 3 മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം