പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ച് മരിച്ചു; പങ്കെടുത്തത് നൂറിലേറെ പേര്‍, ഭീതിയിൽ ജനങ്ങൾ
മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടർന്ന് ശനിയാഴ്ച മരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇദ്ദേഹവും ഈ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ജ്വല്ലറി ഉടമ മരിച്ചതോടെ ഹൈദരാബാദിൽ ആശങ്ക വർധിക്കുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിൽ നടന്ന പിറന്നാൾ പാർട്ടിയിൽ നൂറിലധികം പേരാണ് പങ്കെടുത്തത്. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഹിമായത്നഗറിലെ പ്രമുഖ ജ്വല്ലറി ഉടമയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടർന്ന് ശനിയാഴ്ച മരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇദ്ദേഹവും ഈ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവിടെ നിന്നാകാം അസുഖം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
ജ്വല്ലറി ഉടമയുടെ മരണ വാർത്ത വന്നതോടെ പാർട്ടിയിൽ പങ്കെടുത്തവർ പലരും പരിശോധനയ്ക്ക് വിധേയരായതായാണ് റിപ്പോർട്ട്. തെലങ്കാനയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഹൈദരാബാദിലാണ്. സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ 50 ശതമാനവും ഇവിടെ നിന്നാണ്. മകന്റെ പിറന്നാളിന് മധുരപലഹാരവിതരണം നടത്തിയ പൊലീസ് കോൺസ്റ്റബിളിന് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.