ലോക്ക്ഡൌണ്‍ നിര്‍ദേശം കാറ്റില്‍ പറത്തി ഉത്സവം; കര്‍ണാടകയില്‍ ഗുരുതര വീഴ്ച
പഞ്ചായത്തിന്‍റെ അനുമതി ലഭിച്ച ശേഷമാണ് ഉത്സവം നടത്തിയതെന്നാണ് ക്ഷേത്രാധികാരികള്‍ പറയുന്നത്. ഉത്സവം നടത്താന്‍ അനുമതി നല്‍കിയ പഞ്ചായത്ത് ഡെവലപ്മെന്‍റ് ഓഫീസര്‍ എന്‍ സി കല്‍മട്ടയെ സസ്പെന്‍ഡ് ചെയ്തതായി രാമനഗര ഡെപ്യൂട്ടി കമ്മീഷണര്‍
ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഉത്സവം, നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍. കര്‍ണാടകയിലെ ബെംഗളുരുവിന് സമീപമുള്ള രാമനഗരത്തിലാണ് സംഭവം. രാമനഗരത്തിലെ കൊലഗോണ്ടനഹള്ളിയിലാണ് മാരിയമ്മന്‍ ആഘോഷത്തിനായി നിരവധിപ്പേര്‍ ഒന്നിച്ച് കൂടിയത്.
പഞ്ചായത്തിന്‍റെ അനുമതി ലഭിച്ച ശേഷമാണ് ഉത്സവം നടത്തിയതെന്നാണ് ക്ഷേത്രാധികാരികള്‍ പറയുന്നത്. ഉത്സവം നടത്താന്‍ അനുമതി നല്‍കിയ പഞ്ചായത്ത് ഡെവലപ്മെന്‍റ് ഓഫീസര്‍ എന്‍ സി കല്‍മട്ടയെ സസ്പെന്‍ഡ് ചെയ്തതായി രാമനഗര ഡെപ്യൂട്ടി കമ്മീഷണര്‍ വിശദമാക്കി. തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയതായി ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഗ്രീന്‍സോണിലാണ് രാമനഗരം ഉള്‍പ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ സാമൂഹ്യ അകലം പാലിക്കാതെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്നലെയായിരുന്നു ഉത്സവം. കര്‍ണാടകത്തില്‍ 987 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 35 പേരാണ് ഇതിനോടകം മരിച്ചത്. ഉത്സവം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണ്‍ വിശദമാക്കി. ഇത് സംഭവിക്കരുതായിരുന്നുവെന്നും അശ്വത് നാരായണ്‍ പറഞ്ഞു.