സിബിഎസ്ഇ: മാറ്റിവച്ച പരീക്ഷകൾ വെട്ടിച്ചുരുക്കും, 1 മുതൽ 8 വരെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കും
വിദേശരാജ്യങ്ങളില്‍ ഇനി പരീക്ഷ നടത്തില്ല. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കും.
ദില്ലി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകൾ വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചു. പത്ത്, പ്ലസ് റ്റു പരീക്ഷകൾ നടത്താനുള്ള അനുകൂല സാഹചര്യം വന്നാല്‍ തുടർന്നുള്ള പ്രവേശനങ്ങൾക്ക് ആവശ്യമായ 29 വിഷയങ്ങൾക്ക് മാത്രം പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ മാർഗനിർദേശത്തെ തുടർന്നാണ് തീരുമാനം.
പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടർ നടപടിക്രമങ്ങൾ പിന്നീട് വ്യക്തമാക്കും. വിദേശരാജ്യങ്ങളില്‍ ഇനി പരീക്ഷ നടത്തില്ല. വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ കാര്യത്തിലും തുടർനടപടിക്രമങ്ങൾ വൈകാതെ വ്യക്തമാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കും. 9, 11 ക്ലാസുകളിലെ ടേം, പിരിയോഡിക്കല്‍ പരീക്ഷകളുടെ ഫലം, പ്രോജക്റ്റ് എന്നിവ വിലയിരുത്തി അർഹരായവരെ വിജയിപ്പിക്കും. ശേഷിക്കുന്നവർക്ക് ഓണ്‍ലൈന്‍ ഓഫ് ലൈന്‍ രീതികളില്‍ പരീക്ഷക്ക് അവസരമൊരുക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.