'എത്രനേരം ഭാര്യയെ നോക്കിയിരിക്കും? ഞായറും ജോലി ചെയ്യൂ': 90 മണിക്കൂർ ജോലി ചെയ്യൂവെന്ന് എൽ ആന്‍റ് ടി ചെയർമാൻ
നിങ്ങൾക്ക് ലോകത്തിന്‍റെ നെറുകയിൽ എത്തണമെങ്കിൽ, ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന് എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യം
ദില്ലി: ജീവനക്കാർ ആഴ്ചയിൽ 90 ദിവസം ജോലി ചെയ്യണമെന്ന അഭിപ്രായവുമായി എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യം. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ചും ജോലിക്കെത്തണമെന്ന് ജീവനക്കാരോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒപ്പം വലിയ വിമർശനത്തിനും ഇടയാക്കി.
''ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും. കാരണം ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ നോക്കിയിരിക്കും? ഓഫിസിൽ വന്ന് ജോലിയെടുക്കൂ''-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.
നിങ്ങൾക്ക് ലോകത്തിന്‍റെ നെറുകയിൽ എത്തണമെങ്കിൽ, ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. താൻ പറഞ്ഞത് സാധൂകരിക്കാനായി ചൈനക്കാരനുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്ന ചൈനക്കാർ ആഴ്ചയിൽ 50 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അമേരിക്കക്കാരെ മറികടക്കുമെന്നാണ് ആ വ്യക്തി പറഞ്ഞതെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നു.
നടി ദീപിക പദുക്കോൺ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. ഈ ആശയം ഞെട്ടിപ്പിക്കുന്നതും അപ്രായോഗികവുമാണ്. ജോലി-ജീവിത സന്തുലിതാവസ്ഥയുടെയും മാനസികാരോഗ്യത്തിന്‍റെയും പ്രാധാന്യം ദീപിക ഊന്നിപ്പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം