എച്ച്എംപിവി വൈറസ്: അതിര്‍ത്തികളിൽ നിരീക്ഷണം ശക്തം, ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയെന്ന് നീലഗിരി കളക്ടർ

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്

HMPV virus in India surveillance is strong at the borders masks have been made mandatory nilgiris

ചെന്നൈ: രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 2 വീതം കേസുകളും, ഗുജറാത്തിലും കൊൽക്കത്തയിലും ഒരോ കേസുകൾ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീ പരിശോധനയ്ക്കയച്ചു. 

ദില്ലിയിലടക്കം രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്ചത്. കേന്ദ്ര സർക്കാർ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിൽ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തൽ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല, പരിശോധന നടപടികൾ ഊർജിതമാക്കി. ബോധവൽക്കരണവും, നിരീക്ഷണവും ശക്തമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു. 

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios