എച്ച്എംപി വൈറസ് ബാധ: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമായ ആൺകുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തു
എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു
ബെംഗളുരു: എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് രോഗമുക്തനായി. കുട്ടി ആശുപത്രി വിട്ടു. ഇതോടെ കർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായി. ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു. നിലവിൽ കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് എച്ച്എംപി വൈറസ് ബാധിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിക്കുന്നുണ്ട്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സഹോദരങ്ങളായ 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദോഷവും അടക്കം രോഗ ലക്ഷണങ്ങളോടെ ജനുവരി മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കുട്ടികള്‍ ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടുവെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രണ്ടു കുട്ടികളും അവരുടെ ബന്ധുക്കളും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. സ്ഥിരീകരണമുണ്ടായതോടെ മഹാരാഷ്ട്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറത്തുവിട്ടു.