എംആർഐ സ്കാനിംഗ് സെന്ററിൽ ഒളിക്യാമറ, സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ റെക്കോർഡ് ഓൺ ചെയ്ത മൊബൈൽ; സംഭവം ഭോപ്പാലിൽ
എംആർഐ സ്കാനിംഗ് സെന്ററിൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
ഭോപ്പാൽ: എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് എംആർഐ സെന്ററിലെ ജീവനക്കാരനായ വിശാൽ താക്കൂർ എന്നയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി അരേര ഹിൽസ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് മനോജ് പട്‌വ പറഞ്ഞു. ഇയാൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് രണ്ട് വീഡിയോ ക്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് പരാതിക്കാരന്റെ ഭാര്യയുടെയും മറ്റൊന്ന് മറ്റൊരു സ്ത്രീയുടേതുമാണ്. എംആർഐ സ്കാനിംഗ് സെന്ററിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറി പൊലീസ് സീൽ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 77-ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകൾ പ്രതി എന്തിന് ഉപയോഗിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ഇത്തരത്തിൽ ഇയാൾ എത്ര വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാനായി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.