ഹീറോ മോട്ടോര്‍കോര്‍പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുന്‍ജാലിന്റെ വസതിയില്‍ റെയ്ഡ്
പവന്‍ മുന്‍ജാലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാള്‍ക്കെതിരെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച ഒരു പരാതി പിന്തുടര്‍ന്നായിരുന്നു ഇന്നത്തെ റെയ്ഡ്.
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോര്‍കോര്‍പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുന്‍ജാലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് പവന്‍ മുന്‍ജാല്‍ ഉള്‍പ്പെടെയുള്ള ചിലരുടെ വീടുകളില്‍ ചൊവ്വാഴ്ച റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലും ഗുരുഗ്രാമത്തിലുമായിട്ടായിരുന്നു പരിശോധനകള്‍.
പവന്‍ മുന്‍ജാലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാള്‍ക്കെതിരെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച ഒരു പരാതി പിന്തുടര്‍ന്നായിരുന്നു ഇന്നത്തെ റെയ്ഡ്. ഇയാള്‍ കണക്കില്‍പെടാത്ത വിദേശ കറന്‍സികള്‍ കൈവശം വെച്ചതായാണ് പരാതിയിലെ ആരോപണം.
റെയ്ഡ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ഹീറോ മോട്ടോര്‍കോര്‍പിന് തിരിച്ചടി നേരിട്ടു. 4.4 ശതമാനം ഇടിവാണ് ഇന്ന് കമ്പനിയുടെ ഓഹരികള്‍ക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പവന്‍ മുന്‍ജാലിന്റെ വസതിയിലും ഹീറോ മോട്ടോര്‍കോര്‍പ് കമ്പനിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു അന്നത്തെ അന്വേഷണം. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍ വില്‍പന നടത്തുന്ന കമ്പനിയാണ് ഹീറോ മോട്ടോര്‍കോര്‍പ്.
Read also: രഹസ്യനാമവുമായി റോയല്‍ എൻഫീല്‍ഡ് പണി തുടങ്ങി, പക്ഷേ ഈ പവർ ക്രൂയിസറിന്‍റെ സ്‍കെച്ചടക്കം ചോര്‍ന്നു!