രാജ്യത്തെവിടെയും കൊവിഡ് സാമൂഹിക വ്യാപനമില്ല; നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ
കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
ദില്ലി: രാജ്യത്തെവിടെയും കൊവിഡ് സാമൂഹിക വ്യാപനമില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
അതേസമയം,രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. മഹാരാഷ്ട്രയിൽ എണ്ണായിരത്തി മുന്നൂറിലേറെ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ തുടർച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്താണ്. ആന്ധ്രാപ്രദേശിലും കർണാടകത്തിലും സ്ഥിതി ഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.
ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയരുന്നുണ്ട്. ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നിട്ടുണ്ടാകാം എന്നുമാണ് അദ്ദേഹം പറഞ്ഞത്.
Read Also: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; ആകെ മരണം 48 ആയി...