അധ്യാപികമാരും പ്രധാനധ്യാപികയും തമ്മിൽ പൊരിഞ്ഞ അടി, കാരണം കേട്ട് മൂക്കിൽ വിരൽ വച്ച് കുട്ടികൾ!
തർക്കത്തിനൊടുവിൽ ഹെഡ്മിസ്ട്രസിനെ കൈകാര്യം ചെയ്ത് അധ്യാപികമാർ വീഡിയോ വൈറൽ
സ്കൂളിൽ അധ്യാപകർ തമ്മിൽ തർക്കങ്ങളുണ്ടാകുന്നത് പതിവാണ്. പക്ഷെ അത് ചിലപ്പോൾ ജോലി സംബന്ധമായ വിഷയങ്ങളോ ക്ലാസുകൾ സംബന്ധിച്ചോ ഒക്കെ ആകാറാണ് പതിവ്. പക്ഷെ ഇപ്പോൾ പുറത്തുവരുന്ന ഒരു വാർത്തയും വീഡിയോയും ഹെഡ്മിസ്ട്രസും അധ്യാപികമാരും തമ്മിലുള്ള ഒരു പൊരിഞ്ഞ അടിയുടേതാണ്. സ്കൂളിലെ ജനാലകൾ അടച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് വലിയ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് എൻഡിടിവി റിപ്പോർട്ട് പറയുന്നത്.
പട്‌നയിലെ ഒരു പ്രധാനാധ്യാപികയും രണ്ട് അധ്യാപകരും തമ്മിലായിരുന്നു കുട്ടികളുടെ മുന്നിൽ വച്ചുള്ള പൊരിഞ്ഞ അടി. കൊറിയ പഞ്ചായത്ത് സ്കൂളിലെ വിദ്യാർത്ഥികൾ ആദ്യം കണ്ടത് ക്ലാസ് റൂമിൽ നിന്ന് തർക്കിക്കുന്ന അധ്യാപികമാരെ ആയിരുന്നു. പിന്നീട് പുറത്തേക്കുവന്ന അവർ വയലിൽ കിടന്നും തല്ലുകൂടി. ക്ലാസ് മുറിയുടെ ജനാലകൾ അടയ്ക്കാൻ ഒരു അധ്യാപിക ആവശ്യപ്പെടുകയും മറ്റേയാൾ നിരസിക്കുകയും ചെയ്തതാണ് വൈറലായ അടിപിടിയിലേക്ക് എത്തിച്ചത്.
വിദ്യാർത്ഥികൾ നോക്കി നിൽക്കെ ഹെഡ്മിസ്ട്രസും മറ്റൊരു അധ്യാപികയും തമ്മിൽ വാക്ക് തർക്കമുണ്ടായി. പിന്നാലെ പുറത്തേക്കുവന്ന ഹെഡ്മിസ്ട്രസിന് പിന്നാലെ മറ്റൊരു അധ്യാപിക ചെരുപ്പുമായി ഓടിയെത്തി. ചെരുപ്പുകൊണ്ട് അവർ അധ്യാപികയെ അടിക്കുന്നതിനിടയിൽ മറ്റൊരു അധ്യാപികയും അവർക്കൊപ്പം ചേർന്ന് ഹെഡ്മിസ്ട്രസിനെ മർദ്ദിച്ചു. ഇരുവരും ചേർന്ന് സ്കൂളിനോട് ചേർന്നുള്ള വയലിൽ അധ്യാപികയെ പിടിച്ചുകിടത്തി ഒരാൾ ചെരുപ്പുകൊണ്ടും മറ്റയാൾ വടികൊണ്ടും മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read more: പരീക്ഷാ ഫലങ്ങൾ ഓരോന്നായി എത്തി; ഈ 'കണക്ക് മാഷിന്റെ' വീട്ടിൽ നിലയ്ക്കാത്ത സന്തോഷം!
വീഡിയോയുടെ ആധികാരികത വ്യക്തമല്ലെങ്കിലും, രണ്ട് അധ്യാപകരും തമ്മിൽ വ്യക്തിപരമായ തർക്കം സ്‌കൂൾ വരെ എത്തിയതാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നരേഷ് പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്നും നരേഷ് പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.