പ്രജ്വൽ രേവണ്ണ അറസ്റ്റിലായ ദിവസം നാഗർഹോളെയിൽ അവധിയാഘോഷിച്ച് എച്ച്ഡി കുമാരസ്വാമിയും കുടുംബവും
പ്രജ്വലിന്‍റെ അറസ്റ്റോടെ നിഖിൽ കുമാരസ്വാമിക്ക് ജെഡിഎസ്സിന്‍റെ നേതൃപദവിയിലേക്കുള്ള ഉയർച്ച എളുപ്പമാകും.
ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ അറസ്റ്റിലായ ദിവസം കര്‍ണാടകയില നാഗര്‍ഹോളെയില്‍ അവധിയാഘോഷിച്ച് ചെറിയച്ഛനും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. ഭാര്യ അനിത കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി, നിഖിലിന്‍റെ ഭാര്യ രേവതി, പേരക്കുട്ടിയായ അവ്യാൻ ദേവ് എന്നിവരോടൊപ്പം കുമാരസ്വാമി നാഗർഹോളെയിലെ വന്യജീവി സങ്കേതത്തിലും കായലിലുമായി അവധിയാഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
നാഗർഹോളെയിലെ സ്വകാര്യ റിസോർട്ടിലാണ് കുമാരസ്വാമിയും കുടുംബവും താമസിക്കുന്നത്. നേരത്തേ പ്രജ്വലിനെ കുമാരസ്വാമിയും മുത്തച്ഛൻ ദേവഗൗഡയും അടക്കം തള്ളിപ്പറഞ്ഞതാണ്. ജെഡിഎസിന് മേലുള്ള അധികാരത്തിന്‍റെ പേരിൽ രേവണ്ണയും കുമാരസ്വാമിയും തമ്മിലുള്ള കിടമത്സരം എന്നും വാർത്തകളിൽ നിറഞ്ഞിരുന്നതാണ്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റ നിഖിലിനേക്കാൾ ജെഡിഎസിന്‍റെ ഭാവിനേതാവായി ദേവഗൗഡ കണ്ട പ്രജ്വലാണ് ഗുരുതരമായ ലൈംഗികാതിക്രമക്കേസുകളിൽ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ, നിഖിൽ കുമാരസ്വാമിക്ക് ജെഡിഎസ്സിന്‍റെ നേതൃപദവിയിലേക്കുള്ള ഉയർച്ച എളുപ്പമാകും.
അതേസമയം, അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. നേരത്തേ പ്രജ്വൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അടിയന്തരവാദം കേൾക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. ജാമ്യം നൽകിയാൽ പ്രജ്വൽ ഇരകളെ ഭീഷണിപ്പെടുത്തും എന്നതടക്കമുള്ള വാദങ്ങളുയർത്തി പ്രത്യേക അന്വേഷണസംഘം ജാമ്യത്തെ എതിർത്ത് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമായിരിക്കും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പ്രജ്വലിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും.
ഇതിനിടെ, പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രജ്വലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും പത്തു ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.