ഒരു ബസിൽ 30 യാത്രക്കാർ മാത്രം, ഹരിയാനയിൽ ഇന്ന് മുതൽ വീണ്ടും ബസ് സർവ്വീസ്
ഒരു ബസിൽ 30 യാത്രക്കാരെ മാത്രമെ അനുവദിക്കുകയുള്ളൂ. കൊവിഡ് വൈറസ് ബാധിച്ച പ്രദേശങ്ങളിൽ ബസ് സർവ്വീസ് ഉണ്ടായിരിക്കില്ല
ദില്ലി: ലോക്ഡൌണിനെത്തുടർന്ന് നിർത്തിവെച്ച ബസ് സർവ്വീസ് ഹരിയാന സർക്കാർ പുനരാരംഭിച്ചു. സംസ്ഥാനത്തിനകത്തെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ ബസുകൾ ഇന്നുമുതൽ ഓടും. ഒരു ബസിൽ 30 യാത്രക്കാരെ മാത്രമെ അനുവദിക്കുകയുള്ളൂ. കൊവിഡ് വൈറസ് ബാധിച്ച പ്രദേശങ്ങളിൽ ബസ് സർവ്വീസ് ഉണ്ടായിരിക്കില്ല. ടിക്കറ്റ് ബക്കിംഗ് ഓൺലൈൻ വഴിയായിരിക്കും. യാത്രക്കാരെ ബസിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് തെർമൽ സ്ക്രീനിംഗ് അടക്കം നടത്തുമെന്നും ഹരിയാന സർക്കാർ വക്താവ് അറിയിച്ചു.
സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ജനജീവിതം സാധാരണ നിലയിലാക്കാൻ ലോക് ഡൗണിന്റെ അടുത്ത ഘട്ടത്തിൽ തീരുമാനം ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മെയ് 18 മുതൽ പ്രധാനപ്പെട്ടയിടങ്ങളിൽ പൊതുഗതാഗതവും വ്യോമ ഗതാഗതവും അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോട്ട്സ്പോട്ടുകൾ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരമടക്കം സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ടുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാൻ അനുവദിക്കണമെന്ന് ദില്ലി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലോക് ഡൌൺ ഇളവുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിലാണ് ഈ ആവശ്യം. സാമൂഹിക അകലം പാലിച്ചുതന്നെ ബസ് ഗതാഗതവും മെട്രോ സർവീസും ആരംഭിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.