ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് മന്ത്രി

ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണം. അപ്പോൾ അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ആരും ധൈര്യപ്പെടില്ലെന്ന് മന്ത്രി

Hang publicly suggests minister to reduce crime

ഖണ്ട്വ (മധ്യപ്രദേശ്) : ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ. ഖണ്ട്വ ജില്ലയിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് താക്കൂറിന്റെ പ്രസ്താവന. ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണം. അപ്പോൾ അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ആരും ധൈര്യപ്പെടില്ലെന്ന് അവർ പറഞ്ഞു. 

"ഇത്തരം ക്രൂരമായ പ്രവൃത്തികളോട് മധ്യപ്രദേശ് സർക്കാർ കർശനമായും ജാഗ്രതയോടെയും ഇടപെടുന്നു. ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിത്. ഇതുവരെ 72 കുറ്റവാളികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്," ടൂറിസം സാംസ്‌കാരിക മന്ത്രിയായ ഉഷാ താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അതിനു ശേഷവും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിനും ജനാധിപത്യത്തിന്റെ ഫോർത്ത് എസ്റ്റേറ്റായ മാധ്യമങ്ങൾക്കും നമുക്കെല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അവർ പറഞ്ഞു.

"വിവിധ മാർഗങ്ങളിലൂടെ നാം സമൂഹത്തെ പ്രബുദ്ധരാക്കണം. എങ്ങനെയാണ് ഒരാൾക്ക് ഇത്തരം പ്രാകൃത പ്രവൃത്തികളിൽ ഏർപ്പെടാനാകുക? ഇത്തരം കുറ്റവാളികളെ പൊതു ഇടങ്ങളിൽ ശിക്ഷിക്കണമെന്ന് ഞാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അഭ്യർത്ഥിക്കുകയാണ്. പ്രതിക്ക് ജയിലിൽ വച്ച് വധശിക്ഷ നൽകും. പക്ഷേ എവിടെയാണ് ഇത് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അടുത്തിടെ ഇവിടെ നടന്ന ബലാത്സംഗ കേസുകളിൽ പിടിക്കപ്പെട്ട രണ്ട് കുറ്റവാളികളെ ഖണ്ട്വ നഗരത്തിലെ ചത്വരത്തിൽ വച്ച് പരസ്യമായി തൂക്കിക്കൊല്ലുകയാണെങ്കിൽ, അത്തരം ആളുകൾ ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ആയിരം തവണ ആലോചിക്കും" - താക്കൂർ പറഞ്ഞു.

അടുത്തിടെ നാല് വയസ്സുകാരിയെ ബലാത്സഗം ചെയ്ത് കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച സംഭവം  ഖണ്ട്വയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ഫാമിലെ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടി ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേസമയം മറ്റൊരു ബലാത്സംഗക്കേസിൽ ജില്ലയിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. 

മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഈ രണ്ട് പ്രതികളെ പരാമർശിച്ചത്. തന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച താക്കൂർ, ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മറ്റുള്ളവരെ തടയാൻ ബലാത്സംഗം ചെയ്ത കുറ്റവാളികളെ 
പൊതുസ്ഥലങ്ങളിൽ വച്ച് തൂക്കിക്കൊല്ലാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും കൂട്ടിച്ചേർത്തു.

Latest Videos
Follow Us:
Download App:
  • android
  • ios