ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചു; വിമര്‍ശനം
കഴിഞ്ഞ 10 ദിവസമായി ശരാശരി 370 പുതിയ രോഗികളും 24 മരണവുമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കൊവിഡ് മരണനിരക്കില്‍ രണ്ടാമതാണ് ഗുജറാത്ത്.
അഹമ്മദാബാദ്: കൊവിഡ് 19 രോഗികളുടെ എണ്ണം ഇനി ദിനംപ്രതി പ്രസിദ്ധപ്പെടുത്തില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. പകരം രോഗം ഭേദമായവരുടെ എണ്ണം പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം ആകെ കൊവിഡ് രോഗികളുടെ എണ്ണം ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ദിവസേനയുള്ള അറിയിപ്പും ഒഴിവാക്കി. ഭേദമായവരുടെ എണ്ണത്തിനാണ് സംസ്ഥാനം പ്രാമുഖ്യം നല്‍കുന്നതെന്നും സംസ്ഥാനം വ്യക്തമാക്കി. കൊവിഡ് മരണങ്ങളുടെ പേരില്‍ ഹൈക്കോടതി ഗുജറാത്ത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. മൊത്തം രോഗികളുടെ എണ്ണത്തിന് പകരം ചികിത്സയിലുള്ളവരുടെ എണ്ണമാണ് നല്‍കുക. മരിച്ചവരുടെ കണക്കും ചികിത്സയിലുള്ളവരുടെ കണക്കും രോഗം ഭേദമായവരുടെ കണക്കും പുറത്തുവിടുന്നുണ്ട്.
കൊവിഡ് രോഗികളില്‍ 54 ശതമാനം ആശുപത്രി വിട്ടെന്നും 40 ശതമാനം രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറുയുന്നത്യ എന്നാല്‍, കഴിഞ്ഞ 10 ദിവസമായി ശരാശരി 370 പുതിയ രോഗികളും 24 മരണവുമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കൊവിഡ് മരണനിരക്കില്‍ രണ്ടാമതാണ് ഗുജറാത്ത്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ഗുജറാത്തിലെ മരണനിരക്ക്(6.1ശതമാനം). കൊവിഡ് രോഗികളില്‍ നാലാമതാണ് ഗുജറാത്തിന്റെ ്‌സ്ഥാനം. തലസ്ഥാന നഗരമായ അഹമ്മദാബാദില്‍ 6.8 ശതമാനമാണ് മരണനിരക്ക്. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ ഗുജറാത്ത് പിന്തുടരുന്നില്ലെന്ന് ആരോപണമുയര്‍ന്നു.
ചികിത്സയിലിരിക്കെ രോഗലക്ഷണം കാണാത്തവരെ പരിശോധനകളൊന്നുമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആശുപത്രി വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതെന്നും ആരോപണമുയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെ പോലും പരിശോധിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. മൊത്തം രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് ആളുകളില്‍ ഭയാശങ്കക്കിടയാക്കുമെന്നതിനാലാണ് ദിനംപ്രതിയുള്ള അവലോകനം നിര്‍ത്തിയതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജയന്തി രവി വ്യക്തമാക്കി. ഗുജറാത്ത് ഐസിഎംആര്‍ നിര്‍ദേശം ലംഘിക്കുന്നതില്‍ ഹൈക്കോടതി ഐസിഎംആറിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് കേസുകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദിവസേനയുള്ള പത്രസമ്മേളനങ്ങള്‍ നിര്‍ത്തുകയും വെബ്‌സൈറ്റില്‍ നിന്ന് വിവരം നീക്കുകയും ചെയ്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 16000കടന്നെന്നും ആയിരത്തിലേറെ പേര്‍ മരിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.