കൊവിഷീൽഡിനും കൊവാക്സിനും വില കുറയ്ക്കണമെന്ന് മരുന്നു കമ്പനികളോട് കേന്ദ്രം

മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നുകമ്പനികളോട് സർക്കാർ നിർദേശിക്കുന്നത്. അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് വാക്സീനുകൾ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. 

govt asks sii bharat biotech to lower vaccine prices

ദില്ലി: കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നുകമ്പനികളോട് സർക്കാർ നിർദേശിക്കുന്നത്. അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് വാക്സീനുകൾ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കാൻ കേന്ദ്രം മരുന്നുകമ്പനികളോട് നിർദേശിക്കുന്നത്. 

ആരോഗ്യപ്രവർത്തകർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുന്നണിപ്പോരാളികൾക്കും വാക്സീൻ നൽകുന്നത് സൗജന്യമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്സീൻ സൗജന്യമായിരിക്കില്ലെന്നാണ് നിലവിലെ പ്രഖ്യാപനം. രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സീനേഷൻ നടത്തേണ്ട ജനവിഭാഗമാണിത്. ഈ വാക്സിനേഷൻ ഘട്ടത്തിൽ കൊള്ളവില ഈടാക്കിയാണ് മരുന്നുകമ്പനികൾ വാക്സീൻ വിതരണം ചെയ്യുന്നതെന്ന ആരോപണമാണ് ഉയരുന്നത്. 

സംസ്ഥാനസർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയ്ക്കും വാക്സീൻ നൽകാനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സീൻ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളറുമാണ് വില. 

ഒരേ വാക്സീന് പല വില ഏർപ്പെടുത്തുന്ന നീക്കത്തിനെ പല സംസ്ഥാനങ്ങളും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇത് കൊള്ളലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞത്. വാക്സീന് പല വില നിശ്ചയിച്ചതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാനം നേരിട്ട് വാക്സീൻ വാങ്ങിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. 

സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും നി‍ർമിക്കുന്നതിലെ 50% വാക്സീൻ മാത്രമേ സ്വകാര്യ സ്ഥാപനങ്ങൾക്കും സംസ്ഥാനസർക്കാരുകൾക്കും വിൽക്കാവൂ എന്നും ബാക്കി പകുതി കേന്ദ്രസർക്കാരിന്‍റെ നിലവിൽ തുടരുന്ന സൗജന്യവാക്സീൻ പദ്ധതിയിലേക്ക് നൽകണമെന്നുമാണ് കേന്ദ്രം നി‍ർദേശിച്ചിരിക്കുന്നത്. 

 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീനേഷനായുള്ള റജിസ്ട്രേഷൻ നാളെ തുടങ്ങാനിരിക്കുകയാണ്. കൊവിൻ ആപ്ളിക്കേഷനിൽ 18 മുതൽ 45 വയസ് വരെ ഉള്ളവർക്ക് സ്വാകാര്യകേന്ദ്രങ്ങളിലേ രജിസറ്റ്ർ ചെയ്യാനാകൂ. അതായത് കമ്പനി ഇപ്പോൾ 600 രൂപ വാക്സീൻ ഡോസിന് നിശ്ചയിച്ച സാഹചര്യത്തിൽ അതിൽ കൂടുതൽ ഈടാക്കിയാവും സ്വകാര്യകേന്ദ്രങ്ങളിലെ വാക്സിനേഷൻ. സംസ്ഥാനങ്ങൾക്ക് നേരിട്ട് കമ്പനി വാക്സീൻ നല്കുന്നില്ലെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരോപിച്ചിരുന്നു. 

അതായത് സംസ്ഥാനങ്ങൾ 18 കഴിഞ്ഞവർക്ക് സൗജന്യമായി നല്കും എന്ന് തീരുമാനിച്ചാലും തൽക്കാലം വാക്സീൻ എടുക്കുന്നവർ സ്വകാര്യ കേന്ദ്രങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരും. വാക്സീന്‍റെ വിലയ്ക്കു പിന്നാലെ ലഭ്യതയുടെ കാര്യത്തിലും കേന്ദ്രത്തിനും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ഇടയിലെ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടെയാണ് വിലനിർണയകാര്യത്തിൽ ഒടുവിൽ കേന്ദ്രം മരുന്നുകമ്പനികളോട് ഒരു പുനരാലോചന നടത്താൻ അഭ്യർത്ഥിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios