സിൽവറിന് 15000, സ്വർണത്തിന് 2,75,000 രൂപയും; വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് മാസ്ക് നിർമിച്ച് ജ്വല്ലറി ഉടമ
സ്വര്‍ണ്ണം, വെള്ളി മാസ്‌കുകള്‍ വിപണിയിലെത്തിച്ചിട്ട് ഒരാഴ്ച മാത്രമാണ് ആയത്. അതിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും രാധാകൃഷ്ണ പറയുന്നു.
ചെന്നൈ: കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകൾ മാറിക്കഴിഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ അതില്‍പോലും ആഢംബരം ഒട്ടും കുറയ്ക്കാതെ നോക്കുകയാണ് പലരും. ലക്ഷങ്ങൾ മുടക്കി സ്വർണം കൊണ്ട് മാസ്കുകൾ നിർമ്മിച്ചവരുടെ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സിൽവറും സ്വർണവും കൊണ്ട് വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് കോയമ്പത്തൂരിലെ ആര്‍ കെ ജ്വല്ലറി വര്‍ക്‌സിന്റെ ഉടമ രാധാകൃഷ്ണ സുന്ദരം ആചാര്യ. വിലപിടിപ്പുള്ള ലോഹങ്ങൾ കൊണ്ട് വസ്ത്രം നിർമിക്കുന്നതിൽ വർഷങ്ങളായുള്ള പരിചയമാണ് ഇത്തരത്തിൽ മാസ്കുകൾ തയ്യാറാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രാധാകൃഷ്ണ പറയുന്നു.
'18, 22 കാരറ്റ് ഹാള്‍മാര്‍ക്ക് സര്‍ട്ടിഫൈഡ് സ്വര്‍ണ്ണത്തില്‍ പരിശുദ്ധിയോടെ നിര്‍മ്മിക്കാം. വെള്ളി ആണെങ്കില്‍ 92.5 സ്‌റ്റെര്‍ലിംഗ് വെള്ളിയില്‍ മാത്രമേ നിര്‍മ്മിക്കാന്‍ കഴിയൂ. ലോഹത്തിന്റെ ഭാരം 50 ഗ്രാം ആയിരിക്കും. മാസ്‌കിന്റെ തുണിയുടെ ഭാഗം 6 ഗ്രാം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആയിരിക്കും. സില്‍വറിനു 15,000 രൂപയും അതില്‍ മുകളിലും സ്വര്‍ണ്ണ മാസ്‌കിനു 2,75,000 രൂപയിലുമാണ് ആരംഭിക്കുന്നത്', രാധാകൃഷ്ണ പറഞ്ഞു.
മാസ്‌കിന്റെ മുകളിലത്തെ ഭാഗം ലോഹങ്ങൾ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഉള്ളില്‍ തുണിയുടെ വിവിധ പാളികളും ഉണ്ട്. ഈ മാസ്‌ക് കഴുകാനും വീണ്ടും ഉപയോഗിക്കാനും സാധിക്കുമെന്ന് രാധാകൃഷ്ണ പറയുന്നു. എന്നാല്‍, ഇവ വളയ്ക്കാനോ ഒടിക്കാനോ പാടില്ലെന്നും ഇദ്ദേഹം ഓർമ്മപ്പെടുത്തുന്നുണ്ട്. ഒരു മാസ്ക് പൂർത്തിയാക്കാൻ ഏഴു ദിവസമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വര്‍ണ്ണം, വെള്ളി മാസ്‌കുകള്‍ വിപണിയിലെത്തിച്ചിട്ട് ഒരാഴ്ച മാത്രമാണ് ആയത്. അതിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും രാധാകൃഷ്ണ പറയുന്നു. “ഒരു സാധാരണക്കാരന് ഈ മാസ്കുകൾ ധരിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. എന്നാൽ ധനികർക്ക് രാജകീയ വിവാഹങ്ങൾക്ക് അവ ഉപയോഗിക്കാൻ കഴിയും. ഇതുവരെ, എനിക്ക് ഒമ്പത് ഓർഡറുകൾ ലഭിച്ചു, അവയിൽ മിക്കതും ഉത്തരേന്ത്യയിൽ നിന്നുള്ളതാണ്” രാധാകൃഷ്ണ വ്യക്തമാക്കി.