'സ്വർണം വന്നത് നയതന്ത്രബാഗ് വഴി' തന്നെ, വി മുരളീധരന്‍റെ മൊഴി എൻഐഎ എടുക്കുമോ?

നയതന്ത്ര ബാഗ് ആയിരുന്നെങ്കിൽ യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്ന മന്ത്രിയുടെ വിശദീകരണവും കോടതിയിൽ എൻഐഎ നൽകിയ, റിമാൻഡ് നീട്ടി നൽകാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ടോടെ, അപ്രസക്തമാകുന്നു.

gold smuggling case argument on diplomatic baggage by v muralidharan fact check

ദില്ലി: ധനമന്ത്രാലയത്തിനു പുറമെ എൻഐഎയും കോടതിയിൽ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ സ്വർണം വന്നത് നയതന്ത്ര ബാഗ് വഴിയല്ല എന്ന് ആദ്യമേ പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരൻ കൂടുതൽ വെട്ടിലാകുന്നു. മുരളീധരന്‍റെ മൊഴിയും അന്വേഷണ ഏജൻസികൾ രേഖപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. നയതന്ത്ര ബാഗ് ആയിരുന്നെങ്കിൽ യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്ന മന്ത്രിയുടെ വിശദീകരണവും ഇന്നലത്തെ എൻഐഎ റിപ്പോർട്ടോടെ അപ്രസക്തമാകുന്നു.

''വാസ്തവത്തിൽ ഇതൊരു ഡിപ്ലോമാറ്റിക് ബാഗേജ് എന്ന നിലയിലുള്ള പരിരക്ഷയിൽ പെടുന്നതല്ല. പക്ഷേ, ഒരു ഡിപ്ലോമാറ്റിന് വന്ന കാർഗോ എന്ന് മാത്രമേയുള്ളൂ. ഇത് ഔദ്യോഗികമായി അയച്ചതല്ല. ഒരു വ്യക്തി അയച്ചു. ഒരു ഡിപ്ലോമാറ്റിന് വന്ന പാർസലാണിത്'', എന്ന് കേന്ദ്രവിദേശകാര്യ വി മുരളീധരൻ വിവാദപ്രസ്താവന നടത്തിയത് ജൂലൈ എട്ടിനാണ്. എൻഐഎ കേസെടുത്തത് ജൂലൈ പത്തിനും. 

രണ്ടു മാസത്തെ അന്വേഷണത്തിനു ശേഷം എൻഐഎ ഇന്നലെ നൽകിയ റിപ്പോർട്ടിൽ ഒരു കാര്യം വ്യക്തമാണ്, സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജ് വഴി തന്നെ. നയതന്ത്രബാഗേജ് എന്ന വ്യാജേന കള്ളക്കടത്ത് എന്നല്ല, നയതന്ത്രബാഗ് മറയാക്കി കള്ളക്കടത്ത് എന്ന് തന്നെയാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. വന്നത് നയതന്ത്രബാഗ് ആണെന്നതിൽ എൻഐഎയ്ക്കും സംശയമില്ല. അത് തന്നെയാണ് ഈ കേസിനെ ശക്തമാക്കുന്നതും.

ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പാർലമെന്‍റിൽ നൽകിയ ഉത്തരത്തിലും നയതന്ത്ര ബാഗ് എന്ന് സംശയമില്ലാത്ത വിധം ഉപയോഗിക്കുന്നു.  ഈ ഉത്തരം പുറത്തുവന്നതിനു ശേഷമുള്ള വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിലും കേന്ദ്രമന്ത്രി, ഇത് നയതന്ത്രബാഗല്ല എന്ന് ആവർത്തിക്കുന്നു. 

പോസ്റ്റ് ഇങ്ങനെ:

''സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ , ധനമന്ത്രാലയം ലോക്‌സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ. പിണറായിയുടെയും കൂട്ടരുടെയും  അഴിമതിയുടെയും കള്ളക്കടത്തിന്റെയും കഥകൾ ഒന്നൊന്നായി ജനമധ്യേ വരികയല്ലേ. നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി പി എമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ. 

ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണ്ണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണ്ണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്.  എന്നാലത് യഥാർത്ഥത്തിൽ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവർ നടത്തിയ സ്വർണ്ണ കള്ളക്കടത്ത് ആർക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോൾ, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും. കള്ളത്തരങ്ങളൊക്കെ വെളിയിൽ വരുമ്പോൾ അടിത്തറ ഇളകുന്നത് സ്വാഭാവികം.

ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങൾ ക്യാപ്സൂളിറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല. എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

സ്വർണ്ണം  കടത്തിയതിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രൻമാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി?പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോർത്ത് പിണറായി വിജയൻ ആശങ്കപ്പെടണ്ട. സ്വന്തം മന്ത്രിസഭയിലെയും പാർട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത്?

ഡിപ്ളോമാറ്റിക് ബാഗ് എങ്കിൽ വിദേശരാജ്യവുമായുള്ള കേസാകുമായിരുന്നു എന്നാണ് വിശദീകരണം. എന്നാലിപ്പോൾ എൻഐഎ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ കൂടി പ്രതിസ്ഥാനത്തേക്ക് കൊണ്ടു വരും എന്ന് കോടതിയെ അറിയിക്കുമ്പോൾ കേസ് വിദേശരാജ്യവുമായുള്ള വിഷയമായി തന്നെ മാറുകയാണ്. സിപിഎം വി മുരളീധരനെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോൾ ഏജൻസികൾക്ക് മൊഴിയെടുക്കാതെ അവഗണിക്കാനാകുമോ?

അഡ്വക്കറ്റ് എം ആ‍ർ അഭിലാഷ് പറയുന്നതിങ്ങനെ: ''ഡിപ്ലോമാറ്റിക് ബാഗേജുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ട് എങ്കിൽ അത് ഔദ്യോഗികതലത്തിൽ ഏജൻസി സെക്രട്ടറിയുമായോ എക്സ്റ്റേണൽ അഫയേഴ്സ് മിനിസ്ട്രിയുമായോ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൺസേൺഡ് അഥോറിറ്റിയിൽ നിന്ന് വിവരങ്ങൾ തേടുകയാണ് ഉചിതം''.

നയതന്ത്ര ബാഗല്ല എന്ന് വരുത്താനുള്ള ഉപദേശം നൽകിയത് ജനം ടിവിയിലെ മാധ്യമപ്രവർത്തകനായിരുന്ന അനിൽ നമ്പ്യാരാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴി ശരിയെങ്കിൽ അതിന് അടുത്ത ദിവസങ്ങളിലാണ് കേന്ദ്രമന്ത്രിയുടെയും സമാനസ്വഭാവത്തിലുള്ള വിശദീകരണം.  ഈ സാഹചര്യത്തിൽ വി മുരളീധരന്‍റെ പ്രസ്താവന അന്വേഷിക്കാതെയുള്ള ഏത് റിപ്പോർട്ടും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios