മുബൈയിൽ വിരമിക്കുന്ന ജീവനക്കാർക്ക് നൽകാനായി ശേഖരിച്ച 80 ലക്ഷത്തിന്റെ സ്വർണനാണയങ്ങൾ മോഷണം പോയി

1680 ഗ്രാം ഭാരമാണ് നഷ്ടമായ സ്വർണത്തിനുള്ളത്. എന്നാൽ അലമാര തകർത്തല്ല മോഷണം നടന്നിരിക്കുന്നത്. ഇത് പുറത്ത് നിന്നുള്ളവരല്ല മോഷണത്തിന് പിന്നിലെന്ന പൊലീസ് സംശയം ബലപ്പെടുത്തിയിട്ടുണ്ട്

gold coin worth 80lakh collected as retirement gift for shipping firm employees stolen police doubts inside work

പവായ്: സ്ഥാപനത്തിൽ നിന്ന് വിരമിച്ച് പോകുന്നവർക്ക് സമ്മാനിക്കാനായി ശേഖരിച്ച സ്വർണനാണയങ്ങൾ മോഷണം പോയി. 80 ലക്ഷം രൂപ വിലവരുന്ന സ്വർണനാണയങ്ങളാണ് മഹാരാഷ്ട്രയിലെ പവായിലുള്ള ഷിപ്പിംഗ് കംപനിയിൽ നിന്ന് നഷ്ടമായത്. നോർത്തേൺ മറൈൻ മാനേജ്മെന്റ് ഇന്ത്യ എന്ന ഷിപ്പിംഗ് സ്ഥാപനം വിരമിക്കുന്ന ജീവനക്കാർക്ക് സമ്മാനം നൽകാനായി ശേഖരിച്ച 285 സ്വർണനാണയങ്ങളാണ് കാണാതായത്. പവായിലെ ഹിരാനന്ദാനിയിലുള്ള സ്ഥാപനമാണ് ഓഗസ്റ്റ് 9ന് സ്വർണനാണയങ്ങൾ കാണാതായതായി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

ബ്രിട്ടനിലെ ഗ്ലാസ്ഗ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്തേൺ മറൈൻറെ ഇന്ത്യയിലെ ഓഫീസിലാണ് മോഷണം നടന്നത്. ആഗോളതലത്തിൽ കപ്പലുകൾക്ക് ജീവനക്കാരെ എത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് നോർത്തേൺ മറൈൻ ലിമിറ്റഡ്. ഇവരുടെ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 5 മുതൽ 20 വർഷം വരെയുള്ള സേവനം അവസാനിപ്പിച്ച് വിരമിക്കുന്ന ജീവനക്കാർക്കായി നൽകാനായി ശേഖരിച്ച സ്വർണമാണ് കാണാതായിരിക്കുന്നത്. ഓരോ ജീവനക്കാർക്കും ഇവർ ജോലി ചെയ്ത സ്ഥാപനങ്ങൾ നൽകിയ വിരമിക്കൽ സമ്മാനമാണ് അലമാരയിൽ വച്ചിരുന്നത്.

കമ്പനിയിലെ 12 അംഗ ടീമിലെ ഒരു അംഗമാണ് മോഷണം ശ്രദ്ധിച്ചത്. തടി കൊണ്ട് നിർമ്മിതമായ സ്ഥാപനത്തിലെ ഒരു അലമാരി പരിശോധിക്കുന്നതിനിടയിലാണ് മോഷണം ശ്രദ്ധിക്കുന്നത്. 2 മുതൽ 20 ഗ്രാം വരെ ഭാരമുള്ള സ്വർണ നാണയങ്ങളാണ് കാണാതായിട്ടുള്ളത്. 1680 ഗ്രാം ഭാരമാണ് നഷ്ടമായ സ്വർണത്തിനുള്ളത്. എന്നാൽ അലമാര തകർത്തല്ല മോഷണം നടന്നിരിക്കുന്നത്. അതിനാൽ തന്നെ പുറത്ത് നിന്നുള്ളവരല്ല മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. 

കമ്പനിയിലെ രേഖകളുടെ അടിസ്ഥാനത്തിൽ അലമാരിയുടെ ചാവി കൈകാര്യം ചെയ്യാറുള്ളത് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരാണ്. അവസാനമായി അലമാര തുറന്നത് ജൂലൈ 12നാണ്. അന്ന് അലമാര തുറന്ന രണ്ട് ഉദ്യോഗസ്ഥരിൽ ഒരാൾ ജൂലൈ 22ന് ശേഷം ആരോഗ്യ കാരണങ്ങളാൽ ഓഫീസിൽ ഹാജരായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios