ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ്; ഹോം ഐസൊലേഷനിൽ പ്രവേശിച്ചതായി ട്വീറ്റ്
ഞാനുമായി ബന്ധപ്പെട്ട എല്ലാവരോടും ആവശ്യമായി മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. പ്രമോദ് സാവന്ത് ട്വീറ്റിൽ കുറിച്ചു.
പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡാണെന്നും ഹോം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്നും പ്രമോദ് സാവന്ത് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. കൊവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെന്നും അതിനാൽ ഹോം ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ചതായും ട്വീറ്റിൽ കൂട്ടിച്ചേർത്തിരിക്കുന്നു. താനുമായി ബന്ധപ്പെട്ട എല്ലാവരോടും മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഞാൻ കൊവിഡ് പോസിറ്റീവ് ആണെന്ന് എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ല. അതിനാൽ ഹോം ഐസൊലേഷനിലാണ്. വീട്ടിലിരുന്ന് തന്നെ ഔദ്യോഗിക ചുമതലകൾ എല്ലാം നിർവ്വഹിക്കും. ഞാനുമായി ബന്ധപ്പെട്ട എല്ലാവരോടും ആവശ്യമായി മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെടുന്നു.' പ്രമോദ് സാവന്ത് ട്വീറ്റിൽ കുറിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടർ എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റ് മുഖ്യമന്ത്രിമാർ. ഗോവയിൽ ഇതുവരെ 18006 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.