കൊവിഡ് പോരാളികൾക്ക് പിപിഇ കിറ്റുകൾ വാങ്ങണം; മ്യൂസിക് കാമ്പെയ്നിലൂടെ സുഹൃത്തുക്കൾ ശേഖരിച്ചത് ഒരുലക്ഷം രൂപ
അങ്കിതയും സുഹൃത്ത് വാണിയും ആയിരുന്നു ഈ ധനസമാഹരണത്തിന് ചുക്കാൻ പിടിച്ചത്. പിന്നാലെ സുഹൃത്തുക്കളും ഒപ്പം കൂടി. ജനപ്രിയ ഗാനങ്ങളുടെ 60 ലധികം മ്യൂസിക് വീഡിയോകൾ വിവിധ ഭാഷകളിലുള്ള സോഷ്യൽ മീഡിയയിൽ അവർ അപ്‌ലോഡ് ചെയ്തു.
ഭുവനേശ്വർ: കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മുൻ നിരയിൽ നിന്ന് പോരാടുകയാണ് ആരോഗ്യപ്രവർത്തകരും പൊലീസുകാരും. സ്വന്തം സുഖ ദുഃഖങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവരുടെ ജീവനായി പടപൊരുതുകയാണ് അവർ. ഇപ്പോഴിതാ ഈ മുൻനിര പോരാളികൾക്ക് സഹായവുമായി രംഗത്തെത്തുകയാണ് ഒരു കൂട്ടം സുഹൃത്തുക്കൾ.
ഒഡിഷ സ്വദേശിനിയായ അങ്കിത മിശ്രയും എട്ട് സുഹൃത്തുക്കളും ചേർന്ന് പിപിഇ കിറ്റ് വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയാണ് സ്വരൂപിച്ചത്. മ്യൂസിക് കാമ്പെയ്ൻ സംഘടിപ്പിച്ചായിരുന്നു ഇവരുടെ ധനശേഖരണം. പൂനെയിലെ ഭാരതീയ വിദ്യാപീഠം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഈ സുഹൃത്തുക്കൾ. സോഷ്യൽ മീഡിയ വഴിയാണ് ‘ധ്വാനി’ എന്ന പേരിൽ ഇവർ മ്യൂസിക് കാമ്പെയ്ൻ നടത്തിയത്.
അങ്കിതയും സുഹൃത്ത് വാണിയും ആയിരുന്നു ഈ ധനസമാഹരണത്തിന് ചുക്കാൻ പിടിച്ചത്. പിന്നാലെ സുഹൃത്തുക്കളും ഒപ്പം കൂടി. ജനപ്രിയ ഗാനങ്ങളുടെ 60 ലധികം മ്യൂസിക് വീഡിയോകൾ വിവിധ ഭാഷകളിലുള്ള സോഷ്യൽ മീഡിയയിൽ അവർ അപ്‌ലോഡ് ചെയ്തു. ആളുകളുടെ അഭ്യർത്ഥന പ്രകാരം സംഗീത വീഡിയോകൾ നിർമ്മിച്ചു. അതിന് അവരിൽ നിന്ന് 55 രൂപ ഇടാക്കിയെന്നും അങ്കിത പറയുന്നു. ആദ്യത്തെ സംഭാവന നൽകിയത് തങ്ങളുടെ കോളേജിലെ ഒരു വിദ്യാർത്ഥിയാണെന്നും അങ്കിത പറയുന്നു.
ഭുവനേശ്വറിലെ നയപള്ളി സ്വദേശിനിയാണ് അങ്കിത. മെയ് മാസത്തിലാണ് ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റുകൾ വാങ്ങി നൽകാനുള്ള പദ്ധതിക്ക് അങ്കിത തുടക്കം കുറിച്ചത്. ആദ്യ ദിവസം 28,000 രൂപയാണ് ഇവർ സ്വരൂപിച്ചത്. ഇത് പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് തങ്ങളെ സഹായിച്ചുവെന്നും അങ്കിത പറയുന്നു.
കർണാടക സർക്കാരിനും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കമ്മീഷൻ ഹെൽത്ത് കെയറിലെ ഡോക്ടർമാർക്കും ആയിരത്തിലധികം പിപിഇ കിറ്റുകൾ അവർ വിതരണം ചെയ്തു. അടുത്തതായി പൽഘറിലെ ഒരു കൊവിഡ് ഐസോലെഷൻ വാർഡിലേക്കും കസ്തൂർബ മെഡിക്കൽ കോളേജ് മണിപ്പാലിലേക്കും കിറ്റുകൾ അയയ്ക്കുമെന്ന് അങ്കിത പറയുന്നു.