ജനറേറ്റർ പൊട്ടിത്തെറിച്ചു, ത്രിപുരയിൽ സ്കൂൾ വിനോദയാത്ര സംഘത്തിന്റെ ബസിൽ തീപടർന്നു, 13 പേർക്ക് പരിക്ക്
ത്രിപുരയിൽ സ്കൂളിൽ നിന്ന് ടൂർ പോയ സംഘം സഞ്ചരിച്ചിരുന്ന ബസിൽ അഗ്നിബാധ. 13 പേർക്ക് ഗുരുതര പൊള്ളൽ
അഗർത്തല: സ്കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒൻപത് വിദ്യാർത്ഥികളെ ഗുരുതര പരിക്കോടെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായാണ് വെസ്റ്റ് ത്രിപുര എസ് പി കിരൺ കുമാർ വിശദമാക്കുന്നത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മണിക് സാഹ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് സർക്കാർ വൈദ്യ സഹായം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിനോദയാത്രകൾ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ത്രിപുര മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഗർത്തല ഖൊവായി റോഡിലാണ് അപകടമുണ്ടായത്. അഗ്നിപടർന്ന ബസ് പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്.
അഗർത്തലയിൽ നിന്ന് ജഗത്പൂർ ചൌമുഹാനിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. പൊള്ളലേറ്റവർക്ക് ഉടനടി ചികിത്സ നൽകാനായതാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായതെന്നാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ വിശദമാക്കുന്നത്. തീ പൊള്ളലേറ്റും വിഷപ്ുക ശ്വസിച്ചുമാണ് വിദ്യാർത്ഥികൾ ചികിത്സ തേടിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം