ഉഗ്രവിഷമുള്ള പാമ്പുകൾ നിറഞ്ഞ കാട്ടിൽ കുഞ്ഞിന് ജന്മം നൽകി, പേര് സുനാമി; പേടിച്ചരണ്ട 4 ദിനങ്ങളെ കുറിച്ച് അമ്മ
ബോധം വീണപ്പോൾ കൊടുംകാട്ടിലായിരുന്നു താനെന്ന് നമിത. രാത്രിയിൽ പ്രസവിച്ചു. കടലിനെ പേടിച്ച് നാല് ദിനം ഒന്നും കഴിക്കാതെ കാട്ടിൽ കഴിഞ്ഞു.
പോർട്ട് ബ്ലെയർ: വിഷപ്പാമ്പുകൾ നിറഞ്ഞ കൊടുംകാട്ടിൽ കുഞ്ഞിന് ജന്മം നൽകിയതും ആ കുഞ്ഞിന് സുനാമി എന്ന് പേരിട്ടതും ഓർത്തെടുത്ത് അമ്മ. 20 വർഷം മുൻപ്, അതായത് 2004ൽ ഇതേ ദിവസം സുനാമിത്തിരകൾ ആഞ്ഞടിച്ചപ്പോഴാണ് ഈ സംഭവം.
ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഹട്ട് ബേ ഐലൻഡിൽ തന്‍റെ വീടിനെ വിഴുങ്ങി രാക്ഷസ തിരമാലകൾ ആഞ്ഞടിച്ചപ്പോൾ 26 വയസ്സായിരുന്നു നമിത റോയ്ക്ക്- "ആ ദിവസം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഗർഭിണിയായിരുന്നു. വീട്ടു ജോലികൾ ചെയ്യുകയായിരുന്നു. പെട്ടെന്ന് തീരത്ത് നിന്ന് കിലോമീറ്ററുകൾ അകലെ കടൽ പിൻവാങ്ങുന്നത് കണ്ട് ഞെട്ടി. പിന്നാലെ ഹട്ട് ബേ ദ്വീപിലേക്ക് വലിയ ഉയരത്തിൽ തിരമാലകൾ ആർത്തലച്ചുവന്നു. ആളുകൾ നിലവിളിച്ചു കൊണ്ടോടി.ഞാൻ ബോധം കെട്ടു വീണു"- നമിത റോയ് പറഞ്ഞു.
ബോധം വീണപ്പോൾ കൊടുംകാട്ടിലായിരുന്നു താനെന്ന് നമിത പറഞ്ഞു. അവിടെ ഭർത്താവിനെയും മകനെയും കണ്ടപ്പോൾ ആശ്വാസമായി. രാത്രി 11.49 ന് പ്രസവ വേദന അനുഭവപ്പെട്ടു. സഹായത്തിനായി കരഞ്ഞു. വൈദ്യസഹായം ലഭിക്കുന്ന സാഹചര്യമായിരുന്നില്ല. അതേ കാട്ടിലേക്ക് ഓടിക്കയറിയ ചില സ്ത്രീകളുടെ സഹായത്തോടെ കുഞ്ഞിന് ജന്മം നൽകി. അവന് സുനാമിയെന്ന് പേരിട്ടു. ആ കുഞ്ഞിന് ഇന്ന് 20 വയസ്സായി.
കടലിനെ പേടിച്ച് കാട്ടിൽ നിന്ന് പുറത്തുവരാൻ ധൈര്യമില്ലായിരുന്നുവെന്ന് നമിത പറയുന്നു. അതിനിടയിൽ അമിതമായ രക്തനഷ്ടം മൂലം ആരോഗ്യനില വഷളാകാൻ തുടങ്ങി. കാട്ടിൽ നാല് രാത്രി കഴിഞ്ഞു. പിന്നീട് രക്ഷാപ്രവർത്തകരെത്തി പോർട്ട് ബ്ലെയറിലെ ആളുപത്രിയിൽ തന്നെയും കുഞ്ഞിനെയും പ്രവേശിപ്പിച്ചെന്ന് നമിത റോയ് പറയുന്നു.
ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ലക്ഷ്മിനാരായണൻ ഇപ്പോൾ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ മക്കളായ സൗരഭ്, സുനാമി എന്നിവരോടൊപ്പം നമിത റോയ് താമസിക്കുന്നത്. മൂത്ത മകൻ സൗരഭ് സ്വകാര്യ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നു, അതേസമയം സുനാമിക്ക് ആഗ്രഹം സമുദ്രശാസ്ത്രജ്ഞനായി ആൻഡമാനെ സേവിക്കണം എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം