അധോലോക കുറ്റവാളി ഇജാസ് ലക്ദാവാല മുംബൈയിൽ അറസ്റ്റിൽ
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പമായിരുന്ന ലക്ദാവാലെ 1993ലാണ് ഛോട്ടരാജനൊപ്പം ചേർന്നത്. 2001 വരെ ഛോട്ടാരാജൻെറ ക്രിമിനൽ പ്രവർത്തനങ്ങളിൽ ലക്ദാവാല പങ്കാളിയായിരുന്നു.
മുംബൈ: അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പട്നയിൽവച്ചാണ് ലക്ദാവാല മുംബൈ പൊലീസ് ആന്റി എക്റ്റോഷൻ സെല്ലിന്റെ (എഇസി) പിടിയിലാകുന്നത്. ബുധനാഴ്ച രാവിലെ പത്തരയോടെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇജാസ് ലക്ദവാല.
കവര്‍ച്ച, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ 27 കേസുകൾ നിലവിലുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. 1995-ൽ മുംബൈയിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്‍റെ എംഡിയായ മലയാളി വ്യവസായി തഖിയുദ്ദീൻ വാഹിദിനെ വധിച്ച കേസിലെ പ്രതി കൂടിയാണ് ഇയാള്‍. 1995 നവംബര്‍ 13ന് രാത്രി ഒന്‍പതരയോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ എംഡി തക്കിയുദ്ദീന്‍വാഹിദ് ബോംബെ ബാന്ദ്രയിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ കൊല്ലപ്പെടുന്നത്. ജനുവരി 21 വരെ ലക്ദാവാലയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി റിപ്പോർട്ടുകളുണ്ട്.
ഡിസംബർ 28ന് ഇജാസ് ലക്ദാവാലയുടെ മകള്‍ സോണിയ ലക്ദാവാലയെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകളിലൂടെ ഉണ്ടാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സോണിയ അറസ്റ്റിലാകുന്നത്. ഇജാസിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി വ്യവസായിയുടെ കയ്യിൽനിന്ന് പണം തട്ടിയെടുത്ത കേസിലായിരുന്നു സോണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ലക്ദാവാലയുടെ മകള്‍ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും അയാളെക്കുറിച്ച് മകൾ സോണിയ ഒരുപാട് വിവരങ്ങൾ പൊലീസിനോട് പങ്കുവച്ചിട്ടുണ്ടെന്നും ജോയിന്റ് പൊലീസ് കമ്മീഷണർ സന്തോഷ് റസ്തോഗി പറഞ്ഞു. മകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ ലക്ദാവാല പട്നയിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുകയും അയാളെ പിടികൂടുന്നതിന് പൊലീസ് വലവിരിക്കുകയുമായിരുന്നുവെന്നും സന്തോഷ് റസ്തോഗി വ്യക്തമാക്കി.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പമായിരുന്ന ലക്ദാവാലെ 1993ലാണ് ഛോട്ടരാജനൊപ്പം ചേർന്നത്. 2001 വരെ ഛോട്ടാരാജൻെറ ക്രിമിനൽ പ്രവർത്തനങ്ങളിൽ ലക്ദാവാല പങ്കാളിയായിരുന്നു. പത്ത് വർഷം മുമ്പാണ് ഇയാൾ സ്വന്തമായ ക്രിമിനൽ സംഘം രൂപീകരിച്ചത്. രാജ്യത്തിന് പുറത്ത് നിന്നാണ് ലക്ദാവാല ഇടപാടുകൾ നടത്തുന്നത്. കാനഡയിൽ ഇയാളുണ്ടെന്നായിരുന്നു മുംബൈ പൊലീസിന് അവസാനം ലഭിച്ച വിവരം.