വീരമൃത്യു വരിച്ച സൈനികന്‍റെ പിതാവിനെ ബീഹാര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം; സൈന്യം ഇടപെടുന്നു

സൈനിക ഉദ്യോ​ഗസ്ഥർ ജയ് കിഷോർ സിങ്ങിന്റെ ഗ്രാമമായ ചക്ഫത്തേഹ് സന്ദർശിച്ച് കുടുംബാം​ഗങ്ങളെ കണ്ട് സഹായം വാ​ഗ്ദാനം ചെയ്തു. ഭൂമി തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത രാജ്കപൂറിനെ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. 

galwan martyred soldier father thrashed by bihar police over memorial land dispute vkv

ദില്ലി: ​ഗൽവാൻ ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച സൈനികന്റെ പിതാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സൈന്യം ഇടപെടുന്നു.  മകന്റെ സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭൂമി തർക്ക കേസിലാണ് സൈനികന്റെ പിതാവിനെ പൊലീസ് അപമാനിച്ചത്. ബിഹാറിലെ വൈശാലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. രക്തസാക്ഷിയായ മകന്റെ പേരിൽ സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്താവകാശം സബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയാണ് വീരമൃത്യു വരിച്ച ജയ് കിഷോർ സിങ്ങിന്റെ പിതാവ് രാജ് കപൂർ സിംഗിന് നേരെ പൊലീസ് അതിക്രമം നടന്നത്. 2022 ജൂൺ 15 ന് ഗാൽവാൻ വാലി ഏറ്റുമുട്ടല്ലില്‍ ആണ് ജയ് കിഷോര്‍ രക്തസാക്ഷിത്വം വരിച്ചത്.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വീട്ടിലെത്തിയ പൊലീസ് രാജ്‌കപൂർ സിങ്ങിനെ വലിച്ചിഴച്ചാണ്  സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം വിഷയത്തിൽ ഇടപെട്ടതായി ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ട് ചെയ്തു. സൈനിക ഉദ്യോ​ഗസ്ഥർ ജയ് കിഷോർ സിങ്ങിന്റെ ഗ്രാമമായ ചക്ഫത്തേഹ് സന്ദർശിച്ച് കുടുംബാം​ഗങ്ങളെ കണ്ട് സഹായം വാ​ഗ്ദാനം ചെയ്തു. ഭൂമി തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത രാജ്കപൂറിനെ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. 

ജയ് കിഷോറിന്റെ സ്മാരകം പണിയുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന് മുന്നിലെ താമസക്കാരന്‍ പരാതിയുമായി രംഗത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തര്‍ക്കം സ്മാരകം നിര്‍മ്മിക്കുന്നതിന് മുമ്പ് പഞ്ചായത്ത് യോഗത്തിൽ  പരിഹരിച്ചിരുന്നു. ഹരിനാഥ് രാം എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്നുള്ള സർക്കാർ ഭൂമിയാണ് സ്മാരകം നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. പഞ്ചായത്ത് യോഗത്തിൽ ഹരിനാഥിനോട് സ്ഥലം വിട്ടുനൽകാൻ ആവശ്യപ്പെടുകയും കുറച്ച് അകലെയുള്ള പകരം സ്ഥലം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, സ്മാരക നിർമാണം പൂർത്തിയാക്കിയ സമയം ഇയാൾ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് രം​ഗത്തെത്തി. സ്മാരകം നീക്കം ചെയ്യണമെന്നും ഹരിനാഥ് അവകാശപ്പെട്ടു. തുടർന്ന് ഇയാൾ സൈനികന്റെ പിതാവിനെതിരെ എസ്‌സി / എസ്ടി നിയമപ്രകാരം പരാതി നൽകി. 

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വീട്ടിലെത്തി സ്മാരകമായ പ്രതിമ നീക്കം ചെയ്യാൻ നിർദേശിച്ചതായി സഹോദരൻ നന്ദകിഷോർ സിംഗ് തിങ്കളാഴ്ച ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു. എതിർത്തപ്പോൾ പിതാവിനെ പരസ്യമായി വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. നിയമപ്രകാരമാണ് രാജ്കപൂറിനെ അറസ്റ്റ് ചെയ്തതെന്ന് ജൻദാഹ എസ്എച്ച്ഒ ബിശ്വനാഥ് റാം ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു. നിയമം പാലിച്ച് ജീവിക്കുന്നവരാണ് ഞങ്ങള്‍. രാജ്യത്തിനായി സൈനിക സേവനം അനുഷ്ടിക്കുന്നവരാണ്, എന്നിട്ടും പൊലീസ് വളരെ മോശമായി പെരുമാറിയെന്ന് നന്ദ കിഷോര്‍ ആരോപിച്ചു.   

അതേസമയം രാജ്കപൂറിന്റെ മകൻ നന്ദകിഷോർ വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്നുമാണ് പൊലീസ് വാദം.  രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികന്റെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നേരത്തെ സ്മാരകം പണിയുന്നതടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. സ്മാരകം പണിയാനായി ഭൂമി അനുവദിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

Read More : വീരമൃത്യു വരിച്ച സൈനികന്‍റെ പിതാവിനെ വീട്ടില്‍ കയറി വലിച്ചിഴച്ച് പൊലീസ്, ക്രൂര മര്‍ദ്ദനം

 

 

Latest Videos
Follow Us:
Download App:
  • android
  • ios