പശുവിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേറ്റു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം
പറമ്പിൽ നിന്ന് പശുവിനെ തിരികെ തൊഴുത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്
കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പറമ്പിൽ നിന്ന് പശുവിനെ തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്.
പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തകിമാരി എന്ന സ്ഥലത്ത് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മിഥുൻ പറമ്പിൽ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു, വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. വൈദ്യുതലൈൻ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേറ്റു.
മിഥുൻ നിലവിളിക്കുന്നത് കേട്ട് പരേഷും ദീപാലിയും സുമനെയുമെടുത്ത് ഓടിവരികയായിരുന്നു. വൈദ്യുതാഘാതമേറ്റ് നാലുപേരും തൽക്ഷണം മരിച്ചു. സംഭവം നടക്കുമ്പോൾ മിഥുന്‍റെ ഭാര്യ വീട്ടിലില്ലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു. നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം