2015ൽ കൈക്കൂലിയായി വാങ്ങിയത് 7500 രൂപ, 68ാം വയസിൽ ജയിലിലേക്ക് മുൻ സർക്കാർ ഉദ്യോഗസ്ഥൻ, തടവും പിഴയും ശിക്ഷ
ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസൻസ് അനുവദിക്കാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ജയ് ത്രിവേദി എന്നയാളിൽ നിന്നാണ് 2015ൽ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്
രാജ്കോട്ട്: 2015ൽ കൈക്കൂലി വാങ്ങിയത് 7500 രൂപ. വിരമിച്ച ശേഷം കോടതി വിധിയെത്തി, മുൻ ഓഫീസ് സൂപ്രണ്ടിന് നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ രാജ്കോട്ടിലെ അഴിമതി വിരുദ്ധ കോടതിയിലെ സ്പെഷ്യൽ ജഡ്ജ് വി ബി ഗോഹിലാണ് വിരമിച്ച ഉദ്യോഗസ്ഥന് തടവ് ശിക്ഷ വിധിച്ചത്. നേരത്തെ രാജ്കോട്ടിലെ അസിസ്റ്റന്റ് ലേബർ കമ്മീഷണർ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഹിരാലാൽ ചാവ്ഡ എന്നയാൾ 7500 രൂപ കൈക്കൂലി വാങ്ങിയത്.
നിലവിൽ 68 വയസ് പ്രായമുള്ള ഹിരാലാൽ നാല് വർഷത്തെ തടവിന് പുറമേ രണ്ടായിരം രൂപ പിഴയും അടയ്ക്കണം. ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസൻസ് അനുവദിക്കാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ജയ് ത്രിവേദി എന്നയാളിൽ നിന്നാണ് 2015ൽ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. പണം നൽകാതെ വന്നതോടെ ജയ് ത്രിവേദിയുടെ അപേക്ഷ പരിഗണിക്കാതെ വരികയായിരുന്നു. അപേക്ഷയിലെ കാലതാമസത്തേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൈക്കൂലിയാണ് വിഷയമെന്ന് വ്യക്തമായത്. മുതിർന്ന ഉദ്യോഗസ്ഥന് 5000 രൂപയും തനികക് 2000 രൂപയും പ്യൂണിന് 500 രൂപയും വീതം നൽകണമെന്നാണ് ഹിരാലാൽ ആവശ്യപ്പെട്ടത്.
ജയ് ത്രിവേദ് സംഭവം അഴിമതി വിരുദ്ധ സ്ക്വാഡിനെ അറിയിച്ച് ഹിരാലാൽ ചാവ്ഡയെ കുടുക്കുകയായിരുന്നു. ലേബർ കമ്മീഷണറുടെ ഓഫീസിന് പുറത്ത് വച്ചാണ് ഇയാൾ കുടുങ്ങിയത്. കൈക്കൂലിയിൽ പ്യൂൺ ആയിരുന്ന മോഹൻ കട്ടാരിയയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമായെങ്കിലും മുതിർന്ന ഉദ്യോഗസ്ഥനെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.
പ്യൂണിനും ഓഫീസ് സൂപ്രണ്ടിനും എതിരെയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ജയ് ത്രിവേദ് ഓഫീസിന് പുറത്തേക്ക് വിളിച്ച് വരുത്തി പണം ബലമായി പോക്കറ്റിൽ വയ്ക്കുകയായിരുന്നുവെന്നാണ് കേസിൽ ഹിരാലാൽ വാദിച്ചിരുന്നത്. എന്നാൽ ജോലി വിട്ട് പുറത്തേക്ക് പോകാൻ തക്കതായ കാരണം സർക്കാർ ഉദ്യോഗസ്ഥനില്ലെന്നാണ് സർക്കാർ പ്ലീഡർ കോടതിയിൽ വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം