അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ മുൻ എംപി പർവേഷ് വർമ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
എഎപിയിൽ നിന്നും മാറി ബിജെപിയിലേക്കെത്തിയ മുൻ മന്ത്രിമാരായ രാജ് കുമാർ ആനന്ദ്, കൈലാഷ് ഗഹ്ലോട്ട് എന്നിവരും ഇത്തവണ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും.
ദില്ലി : വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ ബി ജെ പിയിൽ നിന്നും പർവേഷ് വർമയെയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ മത്സരിക്കാൻ ബിജെപി മുതിർന്ന നേതാവ് രമേഷ് ബിധുരിയെയും ആണ് നിയോഗിച്ചിട്ടുള്ളത്. അതേ സമയം എഎപിയിൽ നിന്നും മാറി ബിജെപിയിലേക്കെത്തിയ മുൻ മന്ത്രിമാരായ രാജ് കുമാർ ആനന്ദ്, കൈലാഷ് ഗഹ്ലോട്ട് എന്നിവരും ഇത്തവണ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും.
2013 മുതൽ തുടർച്ചയായി ന്യൂഡൽഹി സീറ്റിൽ തുടരുന്ന എംഎൽഎയാണ് കെജ്‌രിവാൾ. ഇത്തവണ ബിജെപിയുടെ ഗാന്ധി നഗർ എംഎൽഎ അനിൽ ബാജ്‌പേയിയെ ഒഴിവാക്കി മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിക്കാണ് അവസരം നൽകിയിരിക്കുന്നത്. 2003 മുതൽ 2013 വരെ ഷീല ദീക്ഷിത് സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന അരവിന്ദർ സിംഗ് ലൗലി കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്.
മുൻ ഡൽഹി മന്ത്രിയും കോൺഗ്രസ് നേതാവുമായ രാജ്കുമാർ ചൗഹാൻ മംഗോൾപുരിയിൽ നിന്ന് മത്സരിക്കും. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയക്കെതിരെ മറ്റൊരു മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ തർവീന്ദർ സിംഗ് മർവ ജംഗ്പുരയിൽ മത്സരിക്കും.
അതേ സമയം ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 47 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പഞ്ചാബിൽ മൂടൽ മഞ്ഞിൽ കർഷക യൂണിയൻ അംഗങ്ങളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം, ദില്ലിയിൽ ഓറഞ്ച് അലർട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം