ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ്, ഐസൊലേഷനിലെന്ന് ഹേമന്ദ് സോറന്‍
ഷിബു സോറന്‍റെ സ്റ്റാഫും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും രാജ്യ സഭാ എംപിയുമായ ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇവരുടെ പരിശോധനാഫലം പുറത്ത് വന്നത്. ഷിബു സോറന്‍റെ സ്റ്റാഫും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിതാവിനും മാതാവ് റൂപി സോറനും കൊവിഡ് പോസിറ്റീവ് ആയ വിവരം ഹേമന്ദ് സോറന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുവരും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ തുടരുന്നതായി ഹേമന്ദ് സോറന്‍ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ഹേമന്ദ് സോറന്‍ തിങ്കളാഴ്ച വീണ്ടും പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ബന്നാ ഗുപ്തയുമായി മുഖ്യമന്ത്രി സമ്പര്‍ക്കത്തില്‍ വരികയും ചെയ്തതതിനെ തുടര്‍ന്നാണ് ഹേമന്ദ് സോറന്‍ പരിശോധനയ്ക്ക് വിധേയമായത്.
ബന്ന ഗുപ്ത ക്യാബിനറ്റ് മീറ്റിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്യാബിനറ്റ് മീറ്റിംഗില്‍ കൃഷിമന്ത്രി ബാദല്‍ പത്രലേഖിന് സമീപമായിരുന്നു ബന്ന ഗുപ്ത ഇരുന്നത്. കൊവിഡ് ബധയുടെ ചെറില ലക്ഷണങ്ങളുണ്ടായിട്ടും ബന്ന ഗുപ്ത ക്യാബിനറ്റ് മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു.