ചികിത്സ ലഭിക്കാതെ ബിജെപി മുന്‍ എംപിയുടെ മകന്റെ മരണം; മൃതദേഹവുമായി പ്രതിഷേധം, ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവം വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചികിത്സ ലഭിക്കാതെ ബിജെപി മുന്‍ എംപിയുടെ മകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെഷന്‍. ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ലഖ്‌നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിജെപി നേതാവ് ഭൈറോണ്‍ പ്രസാദ് മിശ്രയുടെ മകന്‍ പ്രകാശ് മിശ്ര (41) ആണ് മരിച്ചത്. കിഡ്നി രോഗ ബാധിതനായ പ്രകാശ് മിശ്രയെ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ പ്രകാശിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കയ്യൊഴിയുകയായിരുന്നെന്ന് നേതാവിന്റെ കുടുംബം ആരോപിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം പ്രകാശ് മരിച്ചെന്നും കുടുംബം പറഞ്ഞു. വിവരം അറിഞ്ഞതോടെ സ്ഥലത്ത് സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാദ് മിശ്രയും മകന്റെ മൃതദേഹം സഹിതം ആശുപത്രിയില്‍ കുത്തിയിരുപ്പ് സമരം നടത്തി.
വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവം വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ബിജെപി നേതാവിന്റെ മകന് പോലും ചികിത്സ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.