തബ്‍ലീഗ് സമ്മേളനം: 2000 ലേറെ വിദേശികളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയിൽ പെടുത്തിയെന്ന് റിപ്പോര്‍ട്ട്
മാർച്ച് 13 ന് ദില്ലി നിസാമുദ്ദീനിൽ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലായിരത്തി ഇരുന്നൂറിലേറെ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്
ദില്ലി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലധികം വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു. വിസ ചട്ടങ്ങൾ ലംഘിച്ചതുൾപ്പെടുയുള്ള കേസുകളിൽപ്പെട്ടവരാണ് പട്ടികയിലുള്ളത്. ഇവർക്ക് പത്ത് വർഷത്തേക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിലക്കുണ്ട്.
കേരളത്തിൽ വീണ്ടും കൊവിഡ് മരണം: പാലക്കാട് സ്വദേശിയായ 73-കാരി മരിച്ചു
മാർച്ച് 13 ന് ദില്ലി നിസാമുദ്ദീനിൽ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലായിരത്തി ഇരുന്നൂറിലേറെ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. ദില്ലി ക്രൈം ബ്രാഞ്ച് പന്ത്രണ്ട് കുറ്റപത്രങ്ങളും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട്
സമർപ്പിച്ചിരുന്നു.
നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകളുടെ പേരിൽ വർഗീയവത്കരണത്തിനുള്ള ശ്രമം നടക്കുന്നതായി സുപ്രീം കോടതിയിൽ നേരത്തെ ഹർജിയടക്കം സമര്‍പ്പിക്കപ്പെട്ടിരുന്നു. ജാമിയത് ഉലമ ഇ ഹിന്ദാണ് കോടതിയെ സമീപിച്ചത്. കൊവിഡുമായി ബന്ധപ്പെടുത്തി തബ്‌ലീഗ് ജമാഅത്തിനെതിരെ വർഗീയ ആക്രമണം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
രാജ്യത്ത് ആദ്യഘട്ടത്തിൽ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശ പൗരന്മാരടക്കം പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തബ്‌ലീഗ് ജമാഅത്തിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നത്.