ഹരിയാനയിൽ ഓക്സിജൻ കിട്ടാതെ 5 പേർ കൂടി മരിച്ചെന്ന് പരാതി, 24 മണിക്കൂറിൽ 12 മരണം

രാജ്യത്ത് മറ്റെല്ലായിടത്തുമുള്ളത് പോലെത്തന്നെ ഹരിയാനയിലും കൊവിഡ് കേസുകളിൽ കുത്തനെ വർദ്ധന ദൃശ്യമാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം പതിനായിരം കവിഞ്ഞു. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.24 ലക്ഷമായി.

five die in haryana allegedly due to oxygen shortage

ദില്ലി/ഗുഡ്‍ഗാവ്: ഹരിയാനയിലെ ഹിസാറിൽ ഇന്ന് രാവിലെ അഞ്ച് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചതായി പരാതി. ഇതേത്തുടർന്ന് സ്ഥലത്ത് രോഗികളുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. മരിച്ച അഞ്ച് പേരും കൊവിഡ് രോഗികളാണ്. മെഡിക്കൽ ഓക്സിജൻ ആശുപത്രിയിൽ ലഭ്യമായിരുന്നില്ലെന്നും, അതാണ് മരണകാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 24 മണിക്കൂറിനിടെ ഹരിയാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ മൂന്നാമത്തെ സംഭവമാണിത്. 

ഇന്നലെ രാത്രി ഹരിയാന - ദില്ലി അതിർത്തിയിലുള്ള ഗുഡ്‍ഗാവിൽ നാല് രോഗികൾ സമാനമായ സാഹചര്യത്തിൽ മരിച്ചിരുന്നു. ചണ്ഡീഗഢിൽ നിന്ന് ഏതാണ്ട് 330 കിലോമീറ്റർ അകലെയുള്ള രേവഡിയിലെ ഒരു ആശുപത്രിയിലും നാല് പേർ മെഡിക്കൽ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായി. ഈ രണ്ട് സംഭവങ്ങളിലും ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

എന്നാൽ ഗുഡ്ഗാവിലെ ആശുപത്രിയിൽ രോഗികൾ മരിച്ചത് ഓക്സിജൻ കിട്ടാതെയാണെന്ന ആരോപണം സ്വകാര്യ ആശുപത്രി നിഷേധിച്ചു. മരിച്ച നാല് പേരും ഗുരുതരമായി കൊവിഡ് ബാധിച്ചവരായിരുന്നു. ഓക്സിജൻ ലഭ്യത കുറവാണെങ്കിലും, മരിച്ച നാല് പേരുടെയും മരണകാരണം ഓക്സിജൻ കിട്ടാത്തത് മൂലമല്ല. ഗുരുതരമായി രോഗം ബാധിച്ചത് കാരണം നാല് പേരുടെയും ശരീരത്തിലെ ഓക്സിജൻ അളവ് കുത്തനെ കുറഞ്ഞികുന്നു. പരമാവധി ഈ നാല് രോഗികളെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല - എന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. 

ദില്ലിയിലും ഹരിയാനയിലുമടക്കം വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് ഓക്സിജൻ വേണമെന്നാവശ്യപ്പെട്ട് അടിയന്തരസഹായം തേടിയുള്ള എസ്ഒഎസ് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ദില്ലിയിൽ വെള്ളിയാഴ്ച സർക്കാർ ഉടമസ്ഥതയിലുള്ള സർ ഗംഗാറാം ആശുപത്രിയിൽ മെഡിക്കൽ ഓക്സിജൻ കിട്ടാതെ മരിച്ചത് 25 പേരാണ്. 

രാജ്യത്ത് മറ്റെല്ലായിടത്തുമുള്ളത് പോലെത്തന്നെ ഹരിയാനയിലും കൊവിഡ് കേസുകളിൽ കുത്തനെ വർദ്ധന ദൃശ്യമാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം പതിനായിരം കവിഞ്ഞു. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.24 ലക്ഷമായി.

ഹരിയാന ചീഫ് സെക്രട്ടറി വിജയ് വർദ്ധൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോടും മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സമിതി രൂപീകരിച്ച്, സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ആവശ്യമായ നിരക്കിൽ മെഡിക്കൽ ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിതരായത് 3.52 ലക്ഷം പേരാണ്. കഴിഞ്ഞ 72 മണിക്കൂറിൽ 10 ലക്ഷത്തിലധികം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യം കൊവിഡ് സുനാമിയിലൂടെ കടന്നുപോകുമ്പോൾ ആരോഗ്യരംഗം പൂർണമായും സ്തംഭിച്ച നിലയിലാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios