സിവിൽ എഞ്ചിനിയര്‍, മാനേജ്മെന്‍റിലും ബിരുദം; ആദ്യ മുസ്ലീം വനിതാ എംഎൽഎ, 'കൈപ്പത്തി'യിൽ ഒഡീഷയിൽ മിന്നും വിജയം
മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് മൊക്വിമിന്‍റെ മകളാണ് സോഫിയ ഫിർദൗസ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ് അതേ സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്നു മുഹമ്മദ് മൊക്വിമിൻ
ഭുവനേശ്വര്‍: ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎയായി ചരിത്രമെഴുതി കോൺഗ്രസിന്‍റെ സോഫിയ ഫിർദൗസ്. മാനേജ്‌മെന്‍റിലും സിവിൽ എഞ്ചിനീയറിംഗിലും ബിരുദധാരിയായ ഫിർദൗസ് (32) ബരാബതി - കട്ടക്ക് സീറ്റിലാണ് വിജയിച്ച് കയറിയത്. ബിജു ജനതാദളിന്‍റെ (ബിജെഡി) പ്രകാശ് ചന്ദ്ര ബെഹ്‌റ മൂന്നാം സ്ഥാനത്തെത്തിയ ബാരാബതി - കട്ടക്ക് സീറ്റിൽ 8,001 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അവർ ബിജെപിയുടെ പൂർണ ചന്ദ്ര മഹാപാത്രയെ പരാജയപ്പെടുത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് മൊക്വിമിന്‍റെ മകളാണ് സോഫിയ ഫിർദൗസ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ് അതേ സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്നു മുഹമ്മദ് മൊക്വിമിൻ. ഭുവനേശ്വറിലെ കെഐഐടി സർവകലാശാലയുടെ കീഴിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ നിന്നാണ് സോഫിയ ഫിർദൗസ് സിവിൽ എൻജിനീയറിങ് ബിരുദം നേടിയത്.
2022ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ നിന്ന് (IIM-B)എക്‌സിക്യൂട്ടീവ് ജനറൽ മാനേജ്‌മെന്‍റും പ്രോഗ്രാമും സോഫിയ പൂർത്തിയാക്കി. തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തിന് മുമ്പ്, സോഫിയ തന്‍റെ പിതാവിന്‍റെ മെട്രോ ബിൽഡേഴ്സ് കമ്പനിയുടെ ഡയറക്ടറായിരുന്നു. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഭുവനേശ്വർ യൂണിറ്റിലും പ്രവര്‍ത്തിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് സോഫിയക്കെതിരെ ക്രിമിനൽ കേസുകളൊന്നുമില്ല. ആകെ ആസ്തി ഏകദേശം അഞ്ച് കോടി രൂപയാണ്. ഏകദേശം 28 ലക്ഷം രൂപ ബാധ്യതയുണ്ട്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, സോഫിയയുടെ പിതാവ് മൊക്വിം, ബിജെഡിയുടെ ദേബാശിഷ് സമന്തരായയ്‌ക്കെതിരെ 2,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബരാബതി-കട്ടക്ക് സീറ്റിൽ വിജയിച്ചത്.
2022 സെപ്റ്റംബറില്‍ ഭുവനേശ്വറിലെ പ്രത്യേക വിജിലൻസ് ജഡ്ജി മൊക്വിമിനെ അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. 50,000 രൂപ പിഴയും ചുമത്തി. 2024 ഏപ്രിലിൽ ഒറീസ ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. 78 സീറ്റുകളില്‍ വിജയിച്ച് ഇത്തവണ ബിജെപിയാണ് ഒഡീഷയില്‍ അധികാരത്തിലേക്ക് വന്നത്. 24 വര്‍ഷം നീണ്ട നവീൻ പട്നായിക് ഭരണത്തിനാണ് ഇതോടെ അവസാനമായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം