വിദേശത്തു നിന്ന് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി
ഹൗസ് സർജന്‍സി പൂർത്തിയാക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകി.പകരം ഇന്ത്യയില്‍ രണ്ട് വർഷം ഇന്‍റേണ്‍ഷിപ്പ് ചെയ്യണം
ദില്ലി;റഷ്യ യുക്രൈൻ യുദ്ധവും, കോവിഡ് വ്യാപനവും മൂലം രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി .ജൂണ്‍ മുപ്പതിനോ അതിന് മുമ്പോ കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിച്ച വിദേശ സർവകലാശാലകളിൽ നിന്ന് മടങ്ങിയെത്തിയ അവസാന വർഷ വിദ്യാർത്ഥികൾക്ക് ആണ് പരീക്ഷയ്ക്ക് അനുമതി.ഹൗസ് സർജന്‍സി പൂർത്തിയാക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകി.അതിന് പകരം രാജ്യത്ത് രണ്ട് വർഷം നിർബന്ധിത മെഡിക്കൽ ഇന്‍റണ്‍ഷിപ്പ് ചെയ്യണം.സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ നടപടി.
വയനാട്ടിലെയടക്കം നിരവധി വിദ്യാര്‍ഥികള്‍ ആശങ്കയില്‍; ഇടപെടല്‍ വേണം, ആരോഗ്യ മന്ത്രിക്ക് രാഹുലിന്‍റെ കത്ത്
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. തന്‍റെ മണ്ഡലമായ വയനാട്ടിലുൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്ന് രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.
ഒന്ന്, രണ്ട് വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജിൽ ഇവർക്ക് അവസരമൊരുക്കുകയോ മറ്റ് വിദേശ സർവ്വകലാശാലകളിൽ പഠനം തുടരാൻ വേണ്ട സഹായം നൽകുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി
യുക്രൈനിൽ (Ukraine) നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് (indian medical students) ആശ്വാസം. പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. തുടർപഠനമേറ്റെടുക്കാൻ ഹംഗറി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥികളുടേതടക്കം തുടർപഠനം ഏറെ പ്രതിസന്ധി നേരിടുകയാണ്. ഈ ഘട്ടത്തിലാണ് തുടർപഠനവുമായി ബന്ധപ്പെട്ട് ചില ഇളവുകൾ പ്രഖ്യാപിച്ചതായി യുക്രൈൻ സർക്കാർ അറിയിച്ചതായി വിദേശകാര്യമന്ത്രി പാർലമെന്റിൽ അറിയിച്ചിരിക്കുന്നത്. യുക്രൈൻ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.