കംപ്യൂട്ടർ ക്ലാസിന് പോയ മകൾ മടങ്ങിവന്നില്ലെന്ന് അച്ഛൻ; സൗഹൃദാഭ്യർത്ഥന നിരസിച്ചതിൽ പ്രതികാരമായി ക്രൂരകൊലപാതകം
സൗഹൃദ ദിനത്തിൽ പെൺകുട്ടിയോട് യുവാവ് സൗഹാർദ അഭ്യർത്ഥന നടത്തുകയും അത് നിരസിക്കപ്പെട്ടപ്പോൾ ക്രൂരമായ കൊലപാതകം നടത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.
ഉദയ്പൂർ: രാവിലെ കംപ്യൂട്ടർ ക്ലാസിനായി വീട്ടിൽ നിന്ന് പോയ മകൾ മടങ്ങിവന്നില്ലെന്ന് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ ഒരു പിതാവ് അവിടുത്തെ പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. രാത്രിയോടെ പരാതി സ്വീകരിച്ച പൊലീസ് 15 വയസുകാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. എന്നാൽ സൗഹൃദ ദിനത്തിൽ അരങ്ങേറിയ ക്രൂരതയാണ് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടതെന്ന് ഉദയ്പൂർ പൊലീസ് സൂപ്രണ്ട് യോഗേഷ് ഗോയൽ പറയുന്നു.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ പ്രദേശത്തെ റെയിൽവെ ട്രാക്കിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇത് കാണാതായ പെൺകുട്ടിയാവാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളെ വിളിച്ചുവരുത്തി. അവർ എത്തി പരിശോധിച്ചപ്പോൾ കാണാതായ 15കാരി തന്നെയാണ് റെയിൽ പാളത്തിൽ മരിച്ച് കിടക്കുന്നതെന്ന് വ്യക്തമാവുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. സാങ്കേതിക വിദഗ്ധരുടെയും ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. പിന്നാലെ ശൗർവീർ സിങ് എന്ന യുവാവ് അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
സൗഹൃദ ദിനത്തിൽ പെൺകുട്ടിയോട് സൗഹാർദ അഭ്യർത്ഥന നടത്തിയെന്നും അത് നിരസിച്ചതിന്റെ പ്രതികാരമായി ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടുവെന്നും ഇയാൾ മൊഴി നൽകി. പെൺകുട്ടിയെ റെയിൽവെ ട്രാക്കിന് സമീപത്തേക്ക് വിളിച്ചുവരുത്തി സംസാരിച്ചെന്നും സൗഹാർദ അഭ്യർത്ഥന നിരസിച്ചതിന് ശേഷം സംസാരിച്ചുകൊണ്ട് നിൽക്കവെ ട്രാക്കിലൂടെ ട്രെയിൻ വന്നപ്പോൾ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു എന്നുമാണ് യുവാവ് മൊഴി നൽകിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം