ആ ചിത്രത്തിന് പിന്നിലെ കണ്ണ്! പ്രസിദ്ധ ഫോട്ടോജേണലിസ്റ്റ് ആർ രവീന്ദ്രൻ അന്തരിച്ചു

മണ്ഡൽ കമ്മീഷൻ വിരുദ്ധ സമരകാലത്ത് രാജീവ് ഗോസ്വാമിയെന്ന ദില്ലി സർവകലാശാലാ വിദ്യാർത്ഥി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ചിത്രം പകർത്തിയത് ആർ രവീന്ദ്രനായിരുന്നു. 

Famous photojournalist R Raveendran passes away

ദില്ലി: പ്രസിദ്ധ ഫോട്ടോ ജേണലിസ്റ്റ് ആർ രവീന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. മണ്ഡൽ കമ്മീഷൻ വിരുദ്ധ സമരകാലത്ത് രാജീവ് ഗോസ്വാമിയെന്ന ദില്ലി സർവകലാശാലാ വിദ്യാർത്ഥി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ചിത്രം പകർത്തിയത് ആർ രവീന്ദ്രനായിരുന്നു. സമൂഹമനസ്സാക്ഷിയെ പിടിച്ചുലച്ച ആ ചിത്രം വി പി സിംഗ് സർക്കാരിനെതിരായ സമരങ്ങളുടെ മുഖമായി പിന്നീട് മാറി. 30 വർഷം എഎഫ്പിയിൽ ജോലി ചെയ്ത ആർ രവീന്ദ്രൻ ചീഫ് ഫോട്ടോഗ്രാഫറായാണ് അവിടെ നിന്ന് വിരമിച്ചത്. ഇപ്പോൾ ANI-യിൽ ഫോട്ടോ എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. 

എഎഫ്പിയിൽ ടെലിപ്രിന്‍റർ ഓപ്പറേറ്ററായാണ് രവീന്ദ്രൻ തന്‍റെ ഔദ്യോഗികജീവിതം തുടങ്ങുന്നത്. 1980-കളിലാണ് ഫോട്ടോഗ്രഫിയുമായി അദ്ദേഹം അടുത്തിടപഴകുന്നത്. 1990-ൽ മണ്ഡൽ വിരുദ്ധസമരകാലത്ത് രാജീവ് ഗോസ്വാമിയെന്ന ഇരുപത് വയസ്സുകാരൻ കിഴക്കൻ ദില്ലിയിലെ കൽക്കാജിയിലുള്ള ദേശ്ബന്ധു കോളേജിന് മുന്നിൽ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ചിത്രം പകർത്തുന്നതിനെക്കുറിച്ച് എഎഫ്പിയിൽ ഇന്ദ്രാനിൽ മുഖർജിയോട് അദ്ദേഹം വിശദമായി പറയുന്നുണ്ട്. (അഭിമുഖം ഇവിടെ വായിക്കാം) പൊലീസ് വച്ച ബാരിക്കേഡ് കടന്നെത്തിയ ഗോസ്വാമി കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണക്കുപ്പിയെടുത്ത് ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ രവീന്ദ്രൻ പകർത്തിയ ആ ചിത്രം പിറ്റേന്ന് രാജ്യത്തെ എല്ലാ പത്രങ്ങളുടെയും പ്രധാനതലക്കെട്ടിനൊപ്പം സ്ഥാനം പിടിച്ചു. പിന്നീട് വി പി സിംഗ് സർക്കാരിനെത്തന്നെ പിടിച്ചുലച്ച ആ ചിത്രം ഒരർത്ഥത്തിൽ സർക്കാർ രാജിവച്ചൊഴിയാൻ കൂടി കാരണമായെന്ന് പറയാം. 

പിന്നീട് ആരോഗ്യപ്രശ്നങ്ങളാൽ ഏറെ ബുദ്ധിമുട്ടിയ രാജീവ് ഗോസ്വാമി  2004-ൽ മരിച്ചു. ടൈം, ന്യൂസ് വീക്ക്, പാരീസ് മാച്ച് എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര മാഗസിനുകളിൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. സൂറത്തിലെ പ്ലേഗ് ബാധ അടക്കം അദ്ദേഹത്തിന്‍റെ ക്യാമറക്കണ്ണുകൾ പതിഞ്ഞ വിഷയങ്ങൾ നിരവധി. മൂന്ന് ദിവസം മുമ്പ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിലേക്ക് രാഹുൽ ഗാന്ധി നടന്ന് നീങ്ങിയ ചിത്രങ്ങളടക്കം അദ്ദേഹം പകർത്തിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios