മരിച്ച രോഗി സുഖപ്പെടുന്നുവെന്ന് അറിയിപ്പ്; അനാസ്ഥയുടെ കേന്ദ്രമായി ഗുജറാത്ത് ആശുപത്രി

മെയ് 28ന് കൊവിഡ് ലക്ഷണങ്ങളോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദേവ്റാംഭായ് മരിച്ചതായി തൊട്ടടുത്ത ദിവസം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറുകയും ബന്ധുക്കള്‍ കൊവി‍ഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിക്കുകയും ചെയ്തു

family of coronavirus patient cremates body later told he is alive by ahmedabad Civil hospital

അഹമ്മദാബാദ്: കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കിയ ഗുജറാത്തില്‍ അനാസ്ഥയുടെ കേന്ദ്രമായി അഹമ്മദാബാദ് സിവില്‍ ആശുപത്രി. നേരത്തെ, മതാടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജന ആരോപണം നേരിട്ട ആശുപത്രി പിന്നീട് വീട്ടില്‍ ക്വാറന്‍റീന്‍ ചെയ്യുന്നതിനായി ഡിസ്ചാര്‍ജ് ചെയ്ത ആളെ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടു.

ഇപ്പോള്‍ ആശുപത്രി അധികൃതരുടെ മറ്റൊരു അനാസ്ഥയാണ് പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച ഒരാളുടെ കുടുംബത്തെ വിളിച്ച് രോഗി മരിച്ചെന്നും സുഖപ്പെട്ടു വരുന്നുവെന്നും രണ്ട് വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് അധികൃതര്‍. ദേവ്റാംഭായ് ഭിസിക്കര്‍ എന്നയാളുടെ കുടുംബമാണ് ഇപ്പോള്‍ ചോദ്യങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

മെയ് 28ന് കൊവിഡ് ലക്ഷണങ്ങളോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദേവ്റാംഭായ് മരിച്ചതായി തൊട്ടടുത്ത ദിവസം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറുകയും ബന്ധുക്കള്‍ കൊവി‍ഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ മൂടപ്പെട്ട മൃതദേഹം തുറന്ന് നോക്കാതെയാണ് ബന്ധുക്കള്‍ സംസ്കരിച്ചത്.

എന്നാല്‍, തൊട്ട് പിന്നാലെ ദേവ്റാംഭായ് ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും സുഖപ്പെട്ടുവരുന്നുവെന്നും പറഞ്ഞ് ബന്ധുക്കളെ ആശുപത്രി അധികൃതര്‍ വിളിച്ചു. ഇതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ബന്ധുക്കള്‍ വിഷമത്തിലായി. ഇപ്പോള്‍ ദേവ്റാംഭായ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തിലാണ് ബന്ധുക്കള്‍.

എന്നാല്‍, യഥാര്‍ഥത്തില്‍ ദേവ്റാംഭായ് മരിച്ചുവെന്നും രണ്ടാമത് വിളിച്ചയാള്‍ക്ക് തെറ്റ് പറ്റിയതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പക്ഷേ, ദേവ്റാംഭായ്‍യുടെ സാമ്പിള്‍ നെഗറ്റീവ് ആയിരുന്നുവെന്നും മരണസമയത്ത് പരിശോധനാഫലം ലഭിക്കാത്തത് കൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നിര്‍ദേശിച്ചതെന്നും ആശുപത്രി അധികൃതര്‍ ഇപ്പോള്‍ വിശദീകരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios