കൊവിഡ് ഭീതിയിൽ ആരും സഹായിച്ചില്ല; മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് ശ്മശാനത്തിൽ എത്തിച്ച് കുടുംബം
സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
ബംഗലൂരു: കൊവിഡ് 19 ഭീതിയിൽ ആരും സഹായത്തിന് എത്താത്തതിനെ തുടർന്ന് 70 കാരന്റെ മൃതദേഹം വീട്ടുകാര്‍ ശ്മശാനത്തിൽ എത്തിച്ചത് സൈക്കിളിൽ. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. കനത്ത മഴയില്‍ നനഞ്ഞാണ് വീട്ടുകാര്‍ മൃതദേഹവും കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കര്‍ണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
കടുത്ത പനിയെ തുടർന്ന് രണ്ടുദിവസം മുമ്പാണ് 70കാരന്‍ ചികില്‍സ തേടി വീട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചത്. എന്നാല്‍, കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാൻ ഇവർ നിര്‍ദേശം നൽകി. മറ്റൊരു ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ ഇയാൾ മരിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെ മൃതദേഹം സംസ്‌കരിക്കുന്നതിന് ശ്മശാനത്തിലെത്തിക്കുന്നതിന് ആംബുലന്‍സ് സഹായം തേടി എമര്‍ജന്‍സി നമ്പറില്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. കൊവിഡ് ഭീതികാരണം അയൽക്കാരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശേഷമാണ് വീട്ടുകാര്‍ മൃതദേഹം സൈക്കിളില്‍ വെച്ചുകെട്ടി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടായിരുന്നു ശിവകുമാറിന്റെ വിമർശനം.
എവിടെയാണ് നിങ്ങളുടെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയോട് ശിവകുമാര്‍ ചോദിച്ചു. എന്തുകൊണ്ട് ഒരു ആംബുലന്‍സ് പോലും ആ കുടുംബത്തിന് നല്‍കിയില്ല. സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.