ബിഎസ്എന്‍എല്‍ 5ജി ടവര്‍ സ്ഥാപിക്കല്‍; നടക്കുന്നത് വ്യാജ പ്രചാരണം- Fact Check
ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എന്‍ഒസി എന്ന രീതിയില്‍ ഒരു കത്താണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ദില്ലി: രാജ്യത്ത് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. 2025ഓടെ 5ജി നെറ്റ്‌വര്‍ക്കിലേക്കും പൊതുമേഖല ടെലികോം കമ്പനി കടക്കും എന്നാണ് പ്രതീക്ഷ. ഇതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം. ബിഎസ്എന്‍എല്‍ 5ജി ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കത്ത്.
പ്രചാരണം
കേന്ദ്ര സര്‍ക്കാരിന്‍റെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച എന്‍ഒസി എന്ന രീതിയില്‍ ഒരു കത്താണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിങ്ങളുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള അനുമതിപത്രം എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. 'നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം 5ജി ടവര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തതില്‍ അഭിനന്ദിക്കുന്നു. ബിഎസ്എന്‍എല്‍ 5ജി ടവര്‍ സ്ഥാപിക്കാന്‍ നിങ്ങളുടെ സ്ഥലം ഉപഗ്രഹ സര്‍വെ വഴിയാണ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കത്തില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക. 2,500 കരാര്‍ തുകയായി അടച്ചാല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടെലികോം കമ്പനി നിങ്ങളെ സമീപിക്കും'- എന്നും കത്തില്‍ വിശദീകരിക്കുന്നു. ബിഎസ്എന്‍എല്‍, ഡിജിറ്റല്‍ ഇന്ത്യ, കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എന്നിവയുടെ ലോഗോയും കത്തില്‍ കാണാം.
വസ്തുത
ബിഎസ്എന്‍എല്‍ 5ജി ടവര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എന്‍ഒസി കത്ത് വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. ടെലികോം മന്ത്രാലയം ഇങ്ങനെയൊരു കത്ത് ആര്‍ക്കും അയച്ചിട്ടില്ല എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. മൊബൈല്‍ ഫോണ്‍ ടവറിന് അനുമതിയായിട്ടുണ്ട് എന്ന അവകാശവാദത്തോടെ മുമ്പും കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. സ്ഥലം വിട്ടുനല്‍കിയാല്‍ ഉയര്‍ന്ന തുക മാസം തോറും പ്രതിഫലം ലഭിക്കും എന്നും അന്നത്തെ കത്തുകളിലുണ്ടായിരുന്നു.
Read more: നിലവിലെ പോളിസി പ്ലാനുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എല്‍ഐസി പിന്‍വലിക്കുകയാണോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം