ഇനി മുതല്‍ പത്താം ക്ലാസുകാര്‍ക്ക് പൊതു പരീക്ഷയില്ലേ? വൈറലായ വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ സത്യമിതാ- Fact Check
പുത്തന്‍ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി പത്താം ക്ലാസുകാരുടെ പൊതുപരീക്ഷകള്‍ എടുത്തുകളയുന്നതായി വാട്‌സ്ആപ്പില്‍ പ്രചാരണം, മെസേജിന്‍റെ സത്യം എന്താണെന്ന് പരിശോധിക്കാം.
ദില്ലി: പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഏറെ മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതിന്‍പ്രകാരം 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ പൊതുപരീക്ഷ ഉണ്ടാവില്ലേ? പത്താം ക്ലാസുകാരുടെ പൊതുപരീക്ഷ എടുത്തുകളഞ്ഞു എന്നൊരു സന്ദേശം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. എന്താണ് ഇതിലെ വസ്‌തുത?
പ്രചാരണം
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇനിയേറെക്കാലം ഒരു ബോര്‍ഡ് പരീക്ഷകളും ഉണ്ടായിരിക്കില്ല എന്നാണ് വാട്‌സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശം. ഏറെ പേര്‍ ഷെയര്‍ ചെയ്‌ത സന്ദേശമാണിത് എന്നതിനാല്‍ 'ഫോര്‍വേഡഡ് മെനി ടൈംസ്' എന്ന മുന്നറിയിപ്പ് ഈ മെസേജിനൊപ്പം കാണാം. പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് പത്താം ക്ലാസുകാര്‍ക്ക് ഇനി മുതല്‍ ബോർഡ് പരീക്ഷകളൊന്നും ഉണ്ടാകില്ലേ?
വസ്‌തുത
പുത്തന്‍ വിദ്യാഭ്യാസ നയം കാരണം 10-ാം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി എന്ന വാട്‌സ്ആപ്പ് പ്രചാരണം വ്യാജമാണ് എന്നതാണ് വസ്‌തുത. വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ ഒഴിവാക്കിയതായി യാതൊരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ തന്നെ വാട്‌സ്ആപ്പ് പ്രചാരണം വ്യാജമാണ് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം